ശിവസൂര്യയുടെ തിരോധാനം: ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ നാട്ടുകാർ; കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് ആവശ്യം

24 September 2026
ശിവസൂര്യയുടെ തിരോധാനം: ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ നാട്ടുകാർ; കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് ആവശ്യം

പെരിങ്ങത്തൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ നിന്ന് 17 വയസ്സുകാരനായ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 45 ദിവസം തികയുമ്പോഴും അന്വേഷണത്തിൽ തുമ്പുണ്ടാക്കാനാകാതെ പൊലീസ്. ഈ സാഹചര്യത്തിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യവുമായി നാട്ടുകാർ ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നു. ഇതിനായുള്ള ആദ്യ യോഗം ഇന്ന് വൈകീട്ട് ചേരും.

ഓഗസ്റ്റ് 8-നാണ് “കാശിക്കു പോകുന്നു” എന്ന് കുറിപ്പ് എഴുതിവെച്ച ശേഷം ശിവസൂര്യ വീടുവിട്ടിറങ്ങിയത്. കാണാതായതിനെ തുടർന്ന് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേരളത്തിനകത്തും പുറത്തും വിപുലമായ തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ, ഒരു സി.സി.ടി.വി ക്യാമറയിൽ പോലും ശിവസൂര്യയുടെ ദൃശ്യങ്ങൾ പതിയാതിരുന്നതാണ് അന്വേഷണ സംഘത്തെ കടുത്ത പ്രതിസന്ധിയിലാക്കിയത്.

കുട്ടി കാശിയിലേക്ക് പോയെന്ന സൂചനയെ തുടർന്ന് യു.പി പൊലീസിന്റെ സഹായത്തോടെ ഉത്തർപ്രദേശിലും വാരണാസിയിലും തെരച്ചിൽ നടത്തിയിരുന്നു. നൂറിലധികം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചെങ്കിലും ശിവസൂര്യയെക്കുറിച്ച് യാതൊരു വിവരവും കണ്ടെത്താൻ സാധിച്ചില്ല. അന്വേഷണം പൂർണ്ണമായും വഴിമുട്ടിയ പശ്ചാത്തലത്തിലാണ് നാട്ടുകാരും ബന്ധുക്കളും കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന ശക്തമായ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.