ഇരിട്ടി: ആറളം ഫാമിലും പുനരധിവാസ മേഖലയിലും നാശം വിതയ്ക്കുകയും ജനങ്ങൾക്ക് ഭീഷണിയാവുകയും ചെയ്ത മോഴയാനയെ പിടികൂടാനുള്ള ‘ഓപ്പറേഷൻ കണ്ണൂർ മഖ്ന’ ദൗത്യത്തിന് തുടക്കമാകുന്നു. കാട്ടാനയെ മയക്കുവെടി വെച്ചു തളയ്ക്കുന്നതിനായി വയനാട് മുത്തങ്ങയിൽ നിന്നുള്ള കുങ്കിയാനകളായ വിക്രമും ഭരതും ആറളത്തെത്തി. കഴിഞ്ഞ രാത്രിയോടെ ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ വളയംചാലിലാണ് ഇവയെ എത്തിച്ചത്.
‘അരിക്കൊമ്പൻ’ ദൗത്യത്തിന് നേതൃത്വം നൽകിയ പരിചയസമ്പന്നനായ വിക്രമിനും ഒട്ടേറെ ദൗത്യങ്ങളിൽ പങ്കാളിയായ ഭരതിനും പുറമേ, മൂന്നാമതൊരു കുങ്കിയാനയെ കൂടി ആറളത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ വനംവകുപ്പ് തുടരുകയാണ്.
മയക്കുവെടി വെച്ചു പിടികൂടുന്ന മോഴയാനയെ മാറ്റിപ്പാർപ്പിക്കുന്നതിനായി മുത്തങ്ങ ആനക്യാമ്പിൽ ആനക്കൊട്ടിൽ (ക്രാൾ) പൂർണ്ണമായും സജ്ജമായിക്കഴിഞ്ഞു.

