‘പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ല’: ‘പ്രിയദർശിനി’ ബസിൽ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി, കണ്ടക്ടർക്ക് സസ്പെൻഷൻ

27 September 2026
‘പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ല’: ‘പ്രിയദർശിനി’ ബസിൽ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി, കണ്ടക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്ത കണ്ടക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഗുരുവായൂർ – എറണാകുളം റൂട്ടിലോടുന്ന എറണാകുളം ഡിപ്പോയിലെ ‘പ്രിയദർശിനി’ ബസിലാണ് സംഭവം നടന്നത്.

ശനിയാഴ്ച ബസ് യാത്രയ്ക്കിടെ സീറോ ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർത്ഥിനിയോട് ടിക്കറ്റ് നൽകാൻ കഴിയില്ലെന്ന് പറഞ്ഞ് കണ്ടക്ടർ തർക്കിക്കുകയായിരുന്നു. തുടർന്ന് “പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ല” എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും അപമര്യാദയായി സംസാരിക്കുകയും ചെയ്തു. മറ്റ് ചില യാത്രക്കാരോടും ഇയാൾ മോശമായി പെരുമാറിയതായി പരാതിയുണ്ട്.

സംഭവത്തിൽ പരാതിക്കാരിയെയും കണ്ടക്ടറെയും പറവൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടർന്ന് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തുകയും സിഎംഡിയുടെ നിർദ്ദേശപ്രകാരം സസ്പെൻഷൻ നടപടി സ്വീകരിക്കുകയുമായിരുന്നു.