ഇനി ഇരുട്ടത്തിരിക്കേണ്ട! സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം ; വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു

28 September 2026
ഇനി ഇരുട്ടത്തിരിക്കേണ്ട! സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം ; വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെയും പൊതുജനങ്ങളെയും ആശങ്കയിലാഴ്ത്തിയ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് അയവുവരുന്നു. തത്സമയ വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭിക്കുന്നതാണ് പ്രധാനമായും ആശ്വാസമാകുന്നത്.

മുൻപ് കടമായി വാങ്ങിയ വൈദ്യുതി തിരിച്ചുകൊടുക്കുന്ന നടപടികൾ ഈ മാസം അവസാനത്തോടെ പൂർത്തിയാകും. കൂടാതെ ഒക്ടോബർ മുതൽ പീക്ക് സമയങ്ങളിൽ 588 മെഗാവാട്ട് വൈദ്യുതി അധികമായി ലഭ്യമാക്കുന്ന പുതിയ കരാർ നിലവിൽ വരുന്നതും ഗുണകരമായി.

സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നിട്ടില്ല. അതേസമയം, മുൻപ് റദ്ദാക്കിയ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ വിഷയം പരിശോധിക്കുന്നത്. കുറഞ്ഞ നിരക്കിലുള്ള കരാറുകൾ റദ്ദായതോടെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവന്നത് സംസ്ഥാനത്തിന് 12,570 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കിയതായി സർക്കാർ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.