കണ്ണൂർ, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-അമ്പായത്തോട്-തലപ്പുഴ 44-ാം മൈൽ ചുരമില്ലാ പാത യാഥാർഥ്യമാക്കാൻ കേന്ദ്ര വനം വകുപ്പിന്റെ അനുമതി വേണമെന്നും അതിനായി കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിക്കണമെന്നും മന്ത്രി അഡ്വ. സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
നിലവിൽ വയനാട്ടിലേക്കുള്ള പാൽച്ചുരം, നെടുമ്പൊയിൽ പാതകളിൽ മഴക്കാലത്ത് മണ്ണിടിച്ചിൽ പതിവായതിനാലും വീതികൂട്ടാൻ പരിമിതികളുള്ളതിനാലും ഈ പാതയുടെ പ്രസക്തിയേറുന്നു. വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്നതിനാൽ ഡ്രോൺ സർവേയ്ക്കും കേന്ദ്രാനുമതി വേണം.
വനഭൂമിക്ക് പകരം ഭൂമി നൽകാൻ തയ്യാറാണെന്ന് കേന്ദ്രത്തെ അറിയിക്കാനും പദ്ധതിക്കായി തിങ്കളാഴ്ച കണ്ണൂരിലെത്തുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ, വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ എന്നിവർക്ക് ജനപ്രതിനിധികൾ നിവേദനം നൽകാനും യോഗം തീരുമാനിച്ചു.

