കോഴഞ്ചേരിയിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു; യുവാവ് പിടിയിൽ

29 September 2026
കോഴഞ്ചേരിയിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു; യുവാവ് പിടിയിൽ

പത്തനംതിട്ട: കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശിനി ദിൻഷ (20) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ സുഹൃത്തായ കീഴൂകര സ്വദേശി ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലിന് ശേഷമാണ് സംഭവം നടന്നത്. ദിൻഷ പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് പകയ്ക്ക് കാരണമായതെന്ന് പൊലീസ് പറയുന്നു.

കൊല്ലണമെന്ന തീരുമാനത്തോടെയാണ് പ്രതി സ്ഥലത്തെത്തിയത്. പുറത്തുവെച്ച് പത്തു മിനിറ്റോളം സംസാരിച്ച ശേഷം “തന്നെ വഞ്ചിച്ചു” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് പ്രതി ദിൻഷയുടെ കഴുത്തിൽ പലതവണ കുത്തുകയായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച കത്തി പ്രതി ഓൺലൈനായി വാങ്ങിയതാണെന്നാണ് വിവരം.