പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുട്ടികളെ അമ്മ നിവേദ്യ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ആദ്യം മുത്ത മകൾ ജെന്നിഫർ ജൂലിയറ്റിനെയാണ് (5) വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിന് മൊഴി നൽകി. അഞ്ച് വയസ്സുകാരിയുടെ മരണം ഉറപ്പാക്കിയ ശേഷമാണ് ഇളയ കുട്ടിയായ റോബിൻ ക്രിസ്റ്റോഫറിനെ (3) കൊലപ്പെടുത്തിയതെന്നും യുവതി വെളിപ്പെടുത്തി.
കുട്ടികളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ തള്ളിയിട്ട് മുതുകിൽ അമർത്തിപ്പിടിച്ചാണ് കൊലപാതകം നടത്തിയത്. സ്വന്തം സ്വതന്ത്ര ജീവിതത്തിന് കുട്ടികൾ തടസ്സമാകുമെന്ന് കരുതിയാണ് കൃത്യം ചെയ്തതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. എന്നാൽ ഈ മൊഴി പോലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കൊലപാതകത്തിന് പിന്നിൽ പുറത്തുനിന്ന് ആരുടെയെങ്കിലും സഹായമോ മറ്റ് പ്രേരണയോ ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. കേസിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ നിവേദ്യയെ കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ചൊവ്വാഴ്ച രാവിലെയാണ് മേനോൻപാറ മണൽകാട് സ്വദേശിയായ ജോൺ കുമാറിന്റെ മക്കളെ വീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് അമ്മ നിവേദ്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുളിമുറിയിലുണ്ടായിരുന്ന ചെറിയ ടാങ്കിൽ അഞ്ച് വയസ്സുകാരി മുങ്ങിമരിക്കാനുള്ള സാധ്യത കുറവാണെന്ന സംശയവും, നിവേദ്യയും ഭർത്താവും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന വിവരവുമാണ് പോലീസിനെ അമ്മയിലേക്ക് ശ്രദ്ധ തിരിക്കാൻ പ്രേരിപ്പിച്ചത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നിവേദ്യ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടികളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത് താൻ തനിച്ചാണെന്നും മറ്റാർക്കും ഇതിൽ പങ്കില്ലെന്നുമാണ് നിലവിൽ നൽകിയിരിക്കുന്ന മൊഴി. പോലീസ് അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്.

