മൃദംഗശൈലേശ്വരി ക്ഷേത്രമുറ്റത്ത് അരങ്ങുണർന്നു; നാലാമത് കോട്ടയത്ത് തമ്പുരാൻ കഥകളി ഉത്സവത്തിന് തുടക്കം

4 October 2026
മൃദംഗശൈലേശ്വരി ക്ഷേത്രമുറ്റത്ത് അരങ്ങുണർന്നു; നാലാമത് കോട്ടയത്ത് തമ്പുരാൻ കഥകളി ഉത്സവത്തിന് തുടക്കം

ഇരിട്ടി: തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന നാലാമത് കോട്ടയത്ത് തമ്പുരാൻ കഥകളി ഉത്സവത്തിന് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രമുറ്റത്ത് പ്രൗഢോജ്ജ്വല തുടക്കം. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ ഭദ്രദീപം കൊളുത്തി ഉത്സവത്തിന് തിരിതെളിച്ചു. ഇനി വരുന്ന ഏഴുദിവസങ്ങളിൽ മുഴക്കുന്നിൽ കലാസ്വാദകർക്ക് കഥകളിയുടെ രാപകലുകൾ സമ്മാനിക്കുന്ന അപൂർവ്വ വിരുന്നായിരിക്കും ഈ മേള.

ഏഴുദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ കോട്ടയം തമ്പുരാൻ രചിച്ച ബകവധം, കാലകേയവധം, കിർമീരവധം, കല്യാണസൗഗന്ധികം എന്നീ പ്രശസ്തമായ നാല് ആട്ടക്കഥകളാണ് അരങ്ങേറുന്നത്. രണ്ട് ഭാഗങ്ങളായാണ് ഈ കഥകൾ ആസ്വാദകർക്ക് മുന്നിൽ അവതരിപ്പിക്കുക.

സംസ്ഥാനത്തെ പ്രമുഖരായ വേഷക്കാരും പാട്ടുകാരും മേളക്കാരും അണിനിരക്കുന്ന മേളയിൽ കഥകളി പ്രേമികളുടെ വലിയ പ്രാതിനിധ്യമാണ് പ്രതീക്ഷിക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി അതത് ദിവസങ്ങളിൽ അരങ്ങിലെത്തുന്ന കഥകളുടെ ചൊല്ലിയാട്ടം എല്ലാ ദിവസവും രാവിലെ നടക്കും. ദിവസവും വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന കഥകളി പ്രകടനങ്ങൾ രാത്രി 10 മണിയോടെ സമാപിക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.