ശ്രീകണ്ഠപുരം: കോൺഗ്രസ് നേതാവും ശ്രീകണ്ഠപുരം നഗരസഭ ചെയർമാനുമായ ഇ.വി. രാമകൃഷ്ണനെ സംഘർഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തെന്ന പരാതിയിൽ വകുപ്പുതല ആഭ്യന്തര അന്വേഷണം ആരംഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്.
ശ്രീകണ്ഠപുരം സി.ഐ, എസ്.ഐ, പയ്യാവൂർ പ്രിൻസിപ്പൽ എസ്.ഐ എന്നിവർക്കെതിരെയാണ് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്. പ്രദേശത്തുണ്ടായ സി.പി.എം – കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിനിടെ നഗരസഭ ചെയർമാനെ ഉദ്യോഗസ്ഥർ തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്നാണ് ആരോപണം.
പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

