തിരുവനന്തപുരം: 15 വയസ്സുള്ള ആൺകുട്ടിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് പ്രതിയായ ദാസ് ആന്റണിയെ (43) ശിക്ഷിച്ചത്. പിഴ തുക ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കേണ്ടിവരും.
2025 മേയ് 24-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലെ കോഴിക്ക് തീറ്റ കൊടുക്കാൻ അരിയുമായി വരാൻ ആവശ്യപ്പെട്ട് പ്രതി കുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
പീഡനം നടക്കുന്നതിനിടെ വീട്ടിലേക്ക് മറ്റൊരാൾ എത്തിയപ്പോൾ പ്രതി കുട്ടിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമാണ് പുറത്തേക്കിറങ്ങിയത്. ഇതിനിടയിൽ കുട്ടിയെ അന്വേഷിച്ച് മുത്തച്ഛൻ അവിടെ എത്തിയെങ്കിലും കുട്ടി നേരത്തേ മടങ്ങിയെന്നു പറഞ്ഞ് പ്രതി മടക്കിയയച്ചു. ഇതിനുശേഷവും ഇയാൾ പീഡനം തുടർന്നു.
സംഭവത്തിൽ ഭയന്ന കുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് വീണ്ടും ഇയാളുടെ വീട്ടിലേക്ക് സാധനങ്ങൾ നൽകാൻ വീട്ടുകാർ നിർബന്ധിച്ചപ്പോൾ പോകാൻ കൂട്ടാക്കാതിരുന്നതിനെ തുടർന്ന് സഹോദരിയോട് കുട്ടി വിവരം തുറന്നുപറയുകയായിരുന്നു. പ്രതി ബന്ധുവായതിനാൽ കേസാക്കരുതെന്ന് മറ്റ് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ അമ്മ വഴങ്ങാതെ വലിയതുറ പോലീസിൽ പരാതി നൽകുകയായിരുന്നു.

