രേഖകളില്ലാതെ ഇരിട്ടിയിലെ സ്പായിൽ ജോലി ചെയ്ത ബംഗ്ലാദേശ് സ്വദേശിനി അറസ്റ്റിൽ

7 October 2026
രേഖകളില്ലാതെ ഇരിട്ടിയിലെ സ്പായിൽ ജോലി ചെയ്ത ബംഗ്ലാദേശ് സ്വദേശിനി അറസ്റ്റിൽ

ഇരിട്ടി: പാസ്‌പോർട്ടും വിസയുമില്ലാതെ വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് സ്പായിൽ ജോലി ചെയ്തുവന്ന ബംഗ്ലാദേശ് സ്വദേശിനിയെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി മേലെ സ്റ്റാൻഡിലെ ‘ബ്ലാക്ക് ആൻഡ് ബ്യൂട്ടി വെൽനസ് സ്പാ’യിൽ ജോലിചെയ്തിരുന്ന സുമ വാനുവൽ (22) ആണ് പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലാകുന്നത്. പരിശോധനയിൽ ഇവർ ഹാജരാക്കിയ പശ്ചിമബംഗാൾ വിലാസത്തിലുള്ള ആധാർ കാർഡ് വ്യാജമാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇരിട്ടിയിലെ സ്പായിൽ ഒരു വർഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു ഇവർ. ഇരിട്ടിയിലെത്തുന്നതിന് ആറുമാസം മുമ്പ് പശ്ചിമബംഗാളിലെത്തിയ യുവതി അവിടെവച്ചാണ് വ്യാജ തിരിച്ചറിയൽ രേഖ സംഘടിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ചോദ്യം ചെയ്യലിൽ താൻ ബംഗ്ലാദേശ് സ്വദേശിനിയാണെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ പരിശോധനയിൽ കണ്ടെടുത്തു. ഇന്ത്യയിൽ തങ്ങുന്നതിന് ആവശ്യമായ പാസ്‌പോർട്ടോ വിസയോ ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല.

നിയമപരമായ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന വിദേശികൾക്കായുള്ള ക്യാമ്പിലേക്ക് മാറ്റിയ ശേഷം ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.