കണ്ണൂരിൽ പൊതുശുചീകരണത്തിനിടെ കുളത്തിന്റെ പടിക്കെട്ടിൽ വീണ് ആറു വയസ്സുകാരി മരിച്ചു

11 October 2026
കണ്ണൂരിൽ പൊതുശുചീകരണത്തിനിടെ കുളത്തിന്റെ പടിക്കെട്ടിൽ വീണ് ആറു വയസ്സുകാരി മരിച്ചു

കണ്ണൂർ: കണ്ണൂർ പാനുണ്ടയിൽ പൊതുശുചീകരണ പ്രവൃത്തികൾക്കിടയിൽ കുളത്തിന്റെ പടിക്കെട്ടിൽ വീണ് ആറു വയസ്സുകാരി മരിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മിർസയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത്.

എല്ലാ ഞായറാഴ്ചകളിലും പതിവായി നാട്ടുകാർ പ്രദേശത്ത് ശുചീകരണ പ്രവൃത്തികൾ നടത്തിവരാറുണ്ട്. കുളത്തിന് സമീപത്തുകൂടി പോകുന്നതിനിടയിൽ മിർസയുടെ ഹെയർബാൻഡ് കുളത്തിന്റെ പടിക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഇത് എടുക്കാനായി പടിക്കെട്ടിലേക്ക് ഇറങ്ങുന്നതിനിടെ കാൽതെറ്റി വീണ് കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. മറ്റൊരു കുട്ടിയാണ് മിർസ പടിക്കെട്ടിൽ വീണുകിടക്കുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ കൂത്തുപറമ്പിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.