പായം പഞ്ചായത്തിൽ ‘ഹെൽത്തി കേരള’ പരിശോധന: പ്ലാസ്റ്റിക് കത്തിച്ച സ്ഥാപനത്തിന് പിഴ; ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമാക്കി

13 October 2026
പായം പഞ്ചായത്തിൽ ‘ഹെൽത്തി കേരള’  പരിശോധന: പ്ലാസ്റ്റിക് കത്തിച്ച സ്ഥാപനത്തിന് പിഴ; ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമാക്കി

പായം: മേഖലയിൽ ജലജന്യ രോഗങ്ങൾ തടയുന്നതിനും ശുചിത്വം ഉറപ്പുവരുത്തുന്നതിനുമായി പായം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ‘ഹെൽത്തി കേരള’ പ്രോഗ്രാമിന്റെ ഭാഗമായി നടന്ന പരിശോധനയിൽ സ്കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ, അംഗൻവാടികൾ, കൂൾ ബാറുകൾ, തട്ടുകടകൾ, ബേക്കറികൾ, വർക്ക് സൈറ്റുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ സംഘം സന്ദർശനം നടത്തി. പരിശോധനവേളയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചതായി കണ്ടെത്തിയ ഒരു സ്ഥാപനത്തിന് ആരോഗ്യവകുപ്പ് അധികൃതർ നോട്ടിസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു.

മേഖലയിൽ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പാനീയ നിർമ്മാണ മേഖലയ്ക്ക് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ജ്യൂസ്, ഷേക്ക്, കരിമ്പിൻ ജ്യൂസ്, മറ്റ് തണുത്ത പാനീയങ്ങൾ എന്നിവയുണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളം നിർബന്ധമായും യുവി (UV) ഫിൽട്ടർ ചെയ്തതോ തിളപ്പിച്ച് ആറ്റിയതോ ആയിരിക്കണം. കൂടാതെ, സ്ഥാപനങ്ങളിലെ കുടിവെള്ള പരിശോധനാ ഫലം പൊതുജനങ്ങൾക്ക് കാണാൻ പാകത്തിൽ പ്രദർശിപ്പിക്കണമെന്നും, കുടിവെള്ളം അണുവിമുക്തമാക്കാൻ കൃത്യമായ ഇടവേളകളിൽ ശാസ്ത്രീയമായി ക്ലോറിനേഷൻ നടത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു. എല്ലാ സ്ഥാപനങ്ങളും കുറഞ്ഞത് ആറുമാസത്തിലൊരിക്കലെങ്കിലും കുടിവെള്ളം പരിശോധിച്ചു ഉപയോഗയോഗ്യമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

സ്ഥാപനങ്ങളിൽ ശുചിത്വ നിലവാരം ഉയർത്തുന്നതിനായി നിരവധി നിർദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് മുന്നോട്ടുവെച്ചിട്ടുള്ളത്. വാഷിംഗ് ഏരിയകളിൽ സോപ്പോ ഹാൻഡ് വാഷോ നിർബന്ധമായും ഉണ്ടായിരിക്കണം. അടുക്കള, സ്റ്റോർ റൂം, പരിസര പ്രദേശങ്ങൾ എന്നിവ സദാ സമയവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. പാചകത്തിനായി പഴകിയ പാത്രങ്ങൾ ഉപയോഗിക്കരുത്. ഭക്ഷ്യവസ്തുക്കൾ പാകം ചെയ്യുന്ന തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. പഴകിയതോ ഉപയോഗശൂന്യമായതോ ആയ ഭക്ഷണപദാർത്ഥങ്ങൾ വിതരണം ചെയ്യാൻ പാടില്ലെന്നും മുന്നറിയിപ്പ് നൽകി. ഭക്ഷണം പാകം ചെയ്യുമ്പോഴും വിതരണം ചെയ്യുമ്പോഴും വ്യക്തിശുചിത്വം കർശനമായി പാലിക്കേണ്ടതുണ്ട്.

ഹെൽത്ത് ഇൻസ്‌പെക്ടർ ബിനോജ് സി. കുറ്റിയാനിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ JHI മാരായ അനിൽകുമാർ, ജിതിൻ ജോർജ്, സന്ദീപ് സുധാകരൻ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.