മലപ്പുറം: മലപ്പുറം മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നു. ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നിരവധിയാളുകളിൽ രോഗബാധ കണ്ടെത്തി. ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. പെവുന്തറ സ്വദേശിയായ സത്താർ ആണ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിരിക്കെ മരിച്ചത്.
വണ്ടൂർ ബ്ലോക്കിന് കീഴിൽ മാത്രം ഇതുവരെ 95 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മഞ്ചേരി-വണ്ടൂർ റൂട്ടിലുള്ള ഹോട്ടലിൽ നിന്ന് സെപ്റ്റംബർ ഒന്നിനും 18നും ഇടയിൽ ഭക്ഷണം കഴിച്ചവർക്കാണ് പ്രധാനമായും രോഗബാധയുണ്ടായിരിക്കുന്നത്.
സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഹോട്ടലിൽ ഇ-കൊളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഇതോടെ ഹോട്ടൽ ആരോഗ്യ വകുപ്പ് അടപ്പിച്ചു. വണ്ടൂർ ബ്ലോക്കിന് കീഴിലുള്ള വിവിധ പഞ്ചായത്തുകളിലാണ് രോഗബാധിതർ കൂടുതലുള്ളത്. വണ്ടൂർ പഞ്ചായത്തിൽ മാത്രം 55 പേർക്കും, പോരൂരിൽ 15 പേർക്കും, തിരുവാലിയിൽ 14 പേർക്കും, കാളികാവിൽ ഒൻപത് പേർക്കും, തൃക്കലങ്ങോട് അഞ്ച് പേർക്കും, മമ്പാടിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

