മയക്കുമരുന്ന് കേസിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനെത്തി; കാറിൽ നിന്ന് വീണ്ടും എംഡിഎംഎ പിടികൂടി

17 October 2026
മയക്കുമരുന്ന് കേസിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനെത്തി; കാറിൽ നിന്ന് വീണ്ടും എംഡിഎംഎ പിടികൂടി

കാസർകോട്: മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടാൻ ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ സംഘത്തിൽ നിന്ന് വീണ്ടും എംഡിഎംഎ പിടികൂടി. രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കാപ്പാട് കടക്കര ടെമ്പിൾ റോഡിലെ കെ.പി. ഷാനിസ് (35), കർണാടക പെനാജെ അർളപദവിലെ മുഹമ്മദ് അർഷാദ് (34) എന്നിവരാണ് കാസർകോട് പോലീസിന്റെയും ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡിന്റെയും (ഡാൻസാഫ്) പിടിയിലായത്.

നേരത്തെ നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലെടുത്ത വാഹനം വിട്ടു കിട്ടുന്നതിനുള്ള നടപടികൾക്കായാണ് ഇരുവരും വിദ്യാനഗർ പാറക്കട്ടയിലുള്ള ജില്ലാ പോലീസ് ആസ്ഥാനത്ത് എത്തിയത്.

പോലീസിനെ കണ്ടതോടെ അർഷാദ് കയ്യിലുണ്ടായിരുന്ന ബാഗ് തിടുക്കത്തിൽ കാറിനുള്ളിലേക്ക് ഇട്ടു. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കാറിൽ സൂക്ഷിച്ചിരുന്ന 0.240 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.