തിരുവനന്തപുരം: കേരളത്തിൽ ബേക്കറികൾ വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വിൽക്കാൻ നൽകിയ അനുമതി സർക്കാർ റദ്ദാക്കുന്നു. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും അറിയാതെ എക്സൈസ് കമ്മീഷണർ ലൈസൻസ് നൽകിയതാണ് പെട്ടെന്നുള്ള നടപടിക്ക് കാരണം. സംഭവത്തിൽ നികുതി സെക്രട്ടറിയോട് നിയമോപദേശം തേടാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, അബ്കാരി വിഭാഗത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണറെയും മാറ്റും.
കേരളത്തിൽ ആദ്യമായി ബേക്കറി വഴി ഹോർട്ടിവൈൻ വിൽക്കാൻ അനുമതി ലഭിച്ചത് ചാലക്കുടിയിലെ എം.ആർ.സി. ബേക്കറിക്കാണ്.
ഇടതു സർക്കാരിന്റെ 2022-23 ലെ മദ്യനയത്തിന്റെ ഭാഗമായി പഴങ്ങളിൽ നിന്ന് വൈൻ ഉത്പാദിപ്പിക്കുന്നതിനും വിൽക്കുന്നതിനുമായി 2022-ൽ ‘സ്മാൾ സ്കെയിൽ വൈനറി റൂൾസ്’ രൂപീകരിച്ചിരുന്നു.
ബെവ്കോ ഔട്ട്ലെറ്റുകൾക്ക് പുറമെ പുറത്തു വിൽക്കാനായി, 100 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വിൽപന ശാലകൾക്ക് ഫീസ് അടച്ച് അനുമതി നേടാമെന്നായിരുന്നു ആദ്യ നിയമം. പിന്നീട് 2025 സെപ്റ്റംബറിൽ ഇത് 10 ചതുരശ്ര മീറ്ററായി ചുരുക്കി ചട്ടം ഭേദഗതി ചെയ്തു.
ഈ ചട്ടത്തിന്റെ അടിസ്ഥാനത്തിൽ ജൂണിൽ ലഭിച്ച അപേക്ഷ അംഗീകരിച്ചാണ് ചാലക്കുടിയിലെ ബേക്കറിക്ക് വിൽപനാ അനുമതി നൽകിയത്.
എന്നാൽ ഈ തീരുമാനത്തെക്കുറിച്ച് സർക്കാരോ മുഖ്യമന്ത്രിയോ എക്സൈസ് മന്ത്രി എം. ലിജുവോ അറിഞ്ഞിരുന്നില്ല. മാധ്യമങ്ങളിലൂടെയാണ് വിവരം പുറത്തുവന്നത്. ഇതിൽ മന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിനെത്തുടർന്നാണ് ലൈസൻസ് റദ്ദാക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്.

