മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി; സംസ്ഥാനത്ത് 6,199 പേർക്കെതിരെ കേസ്

18 October 2026
മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി; സംസ്ഥാനത്ത് 6,199 പേർക്കെതിരെ കേസ്

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 6,199 പേർക്കെതിരെ കേസെടുത്തു. ഒക്ടോബർ 13 രാവിലെ 7 മണി മുതൽ ഒക്ടോബർ 17 രാവിലെ 7 മണി വരെയുള്ള കാലയളവിലാണ് ഈ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്.

ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. പി. വിജയന്റെ നിർദ്ദേശപ്രകാരം സോൺ ഐ.ജിമാർ, റേഞ്ച് ഡി.ഐ.ജിമാർ, ജില്ലാ പോലീസ് മേധാവിമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം റൂറലിലാണ് (710 കേസുകൾ). തൊട്ടുപിന്നിൽ തിരുവനന്തപുരം റൂറലിൽ 497 കേസുകളും കോട്ടയത്ത് 456 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത് കാസർകോട് ജില്ലയിലാണ് (75 കേസുകൾ).

മദ്യപിച്ച് വാഹനമോടിക്കുന്നത് വലിയ റോഡ് അപകടങ്ങൾക്കും ജീവഹാനിക്കും പ്രധാന കാരണമാകുന്നുണ്ടെന്നും, ഇത്തരത്തിലുള്ള വാഹന പരിശോധനകൾ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്നും എ.ഡി.ജി.പി. പി. വിജയൻ അറിയിച്ചു.