കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ജിദ്ദയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. രാവിലെ 8.30-ന് പുറപ്പെട്ട AXB778 വിമാനത്തിന്റെ എൻജിനിലാണ് തകരാർ കണ്ടെത്തിയത്. ഇതേത്തുടർന്ന് പൈലറ്റ് വിമാനം അടിയന്തരമായി ഇറക്കാൻ തീരുമാനിക്കുകയായിരുന്നു.
എൻജിൻ തകരാർ ശ്രദ്ധയിൽപ്പെട്ട ഉടൻ വിമാനം ആദ്യം മംഗളൂരു വിമാനത്താവളത്തിൽ ഇറക്കാനാണ് ശ്രമം നടത്തിയത്. എന്നാൽ അതിന് സാധിക്കാതെ വന്നതോടെ വിമാനം വീണ്ടും കണ്ണൂരിലേക്ക് തന്നെ തിരിച്ചുവിടുകയായിരുന്നു.
ആകാശത്ത് വട്ടമിട്ടു പറന്ന് ഇന്ധനം കുറച്ച ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

