നീറ്റ് യുജി പുനഃപരീക്ഷ:ടെലിഗ്രാമിനെതിരെ കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ

16 June 2026
നീറ്റ് യുജി പുനഃപരീക്ഷ:ടെലിഗ്രാമിനെതിരെ കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന നീറ്റ്–യുജി (NEET-UG 2026) പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ പ്രമുഖ മെസേജിങ് ആപ്പായ ടെലിഗ്രാമിനെതിരെ കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ. രാജ്യത്ത് ടെലിഗ്രാം മെസേജിങ് സേവനങ്ങൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ജൂൺ 21-നാണ് നീറ്റ് പുനഃപരീക്ഷ നടക്കുന്നത്.

ചോദ്യപേപ്പർ ചോർത്തുന്ന മാഫിയകൾ ടെലിഗ്രാം ചാനലുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് എൻടിഎ നൽകിയ അഭ്യർഥന മാനിച്ചാണ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ഈ അടിയന്തര നടപടി.

പരീക്ഷ നടക്കുന്നതിന് മുന്നോടിയായി നിലവിൽ വന്ന നിരോധനം ജൂൺ 22 വരെ തുടരും. ഇതിന് പുറമെ, ആപ്പിൽ നിലവിലുള്ള ‘മെസേജ് എഡിറ്റ്’ ചെയ്യാനുള്ള സംവിധാനത്തിന് ജൂൺ 30 വരെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പുകളിലും ചാനലുകളിലും ഇതിനോടകം പോസ്‌റ്റ് ചെയ്‌ത സന്ദേശങ്ങളിൽ തിരുത്തലുകൾ വരുത്തി ഉദ്യോഗാർഥികളെ പറ്റിക്കാതിരിക്കാനാണ് ഈ മുൻകരുതൽ.

ജൂൺ 21-ന് നടക്കുന്ന പുനഃപരീക്ഷ ലക്ഷ്യംവച്ച് ടെലിഗ്രാം ചാനലുകൾ വഴി വ്യാജ ചോദ്യപേപ്പർ വിതരണം ചെയ്യുന്ന റാക്കറ്റുകൾ സജീവമാണെന്ന് എൻടിഎ കണ്ടെത്തിയിരുന്നു.