ചെന്നൈ: തമിഴ്‌നാട്ടിലെ വിവാഹിതരായ പുരുഷ സർക്കാർ ജീവനക്കാർക്ക് 15 ദിവസത്തെ പിതൃത്വ അവധി (Paternity Leave) അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആണ് ജീവനക്കാർക്ക് ഏറെ ആശ്വാസമാകുന്ന ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് പുരുഷ ജീവനക്കാർക്ക് ഇത്തരമൊരു ആനുകൂല്യം നടപ്പിലാക്കുന്നത്.
കുട്ടികളുടെ വളർച്ചയിലും പരിചരണത്തിലും പിതാവിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുക, ഉത്തരവാദിത്തമുള്ള രക്ഷാകർതൃത്വം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ പുതിയ നയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പിതൃത്വ അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകൾ നൽകിയ നിവേദനങ്ങൾ അനുഭാവപൂർവം പരിഗണിച്ചാണ് സർക്കാരിന്റെ ഈ നടപടി.
വിവാഹിതരായ പുരുഷ സർക്കാർ ജീവനക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കുഞ്ഞ് ജനിക്കുന്നതിന് 15 ദിവസം മുൻപോ, അല്ലെങ്കിൽ പ്രസവശേഷം ആറ് മാസത്തിനുള്ളിലോ ഈ 15 ദിവസത്തെ അവധി പ്രയോജനപ്പെടുത്താം.
നിലവിൽ തമിഴ്‌നാട്ടിലെ വനിതാ സർക്കാർ ജീവനക്കാർക്ക് 365 ദിവസത്തെ പ്രസവാവധി (Maternity Leave) ലഭിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ ആദ്യ മാസങ്ങളിൽ കുടുംബത്തിന് കൂടുതൽ പിന്തുണ നൽകുന്നതിനായി പുരുഷ ജീവനക്കാർക്കും അവധി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.

