പാക്കറ്റ് ഭക്ഷണങ്ങളിൽ കൊഴുപ്പും പഞ്ചസാരയും ഉപ്പും കൂടിയാൽ പ്രത്യേക മുന്നറിയിപ്പ് ചിഹ്നങ്ങൾ നിർബന്ധം; നിർണായക നിർദേശവുമായി സുപ്രീം കോടതി

26 November 2026
പാക്കറ്റ് ഭക്ഷണങ്ങളിൽ കൊഴുപ്പും പഞ്ചസാരയും ഉപ്പും കൂടിയാൽ പ്രത്യേക മുന്നറിയിപ്പ് ചിഹ്നങ്ങൾ നിർബന്ധം; നിർണായക നിർദേശവുമായി സുപ്രീം കോടതി

ഡൽഹി: പാക്കറ്റ് ഭക്ഷണങ്ങളിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ നിശ്ചിത പരിധിയിലും കൂടുതലുണ്ടെങ്കിൽ അത് വ്യക്തമാക്കുന്ന പ്രത്യേക മുന്നറിയിപ്പ് ലേബലുകൾ (Front-of-Package Warning Labels) പാക്കറ്റിന്റെ മുൻഭാഗത്ത് നിർബന്ധമാക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര സർക്കാരിനും ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിക്കും (FSSAI) ഇതുസംബന്ധിച്ച കർശന നിർദേശങ്ങൾ നൽകിയത്.

ഒന്നിലധികം ഘടകങ്ങൾ കൂടിയാൽ ഒരൊറ്റ മുന്നറിയിപ്പിന് പകരം ഓരോ ഘടകത്തിനും (ഉപ്പ്, പഞ്ചസാര, കൊഴുപ്പ്) വെവ്വേറെ ചുവന്ന ഷഡ്ഭുജ ചിഹ്നങ്ങളും “HIGH FAT”, “HIGH SUGAR”, “HIGH SALT” എന്നിങ്ങനെയുള്ള വ്യക്തമായ അടയാളപ്പെടുത്തലുകളും ഉണ്ടായിരിക്കണം.

പുറമെ നിന്ന് ചേർക്കുന്ന പഞ്ചസാരയ്ക്കും കൊഴുപ്പിനും പകരം, ഉൽപ്പന്നത്തിലെ ആകെ പഞ്ചസാരയുടെയും പൂരിത കൊഴുപ്പിന്റെയും (Saturated Fat) അളവാണ് മാനദണ്ഡമാക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.

പാക്കറ്റിന്റെ പ്രധാന പ്രദർശന ഭാഗത്തിന്റെ (Principal Display Panel) 4% മുതൽ 5% വരെയുള്ള ഭാഗം ഓരോ മുന്നറിയിപ്പ് ചിഹ്നത്തിനും നൽകണം. സാധാരണ ഉപഭോക്താക്കൾക്കും കുട്ടികൾക്കും പാക്കറ്റ് തിരിച്ചുനോക്കാതെ തന്നെ അപകടസാധ്യത എളുപ്പത്തിൽ മനസ്സിലാക്കാൻ ഇത് സഹായിക്കും.

പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലും, കുട്ടികൾക്കിടയിൽ സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം കൂടുന്ന പശ്ചാത്തലത്തിലുമാണ് കോടതിയുടെ ഈ ഇടപെടൽ. കരട് ചട്ടങ്ങളിലെ പുരോഗതി സംബന്ധിച്ച് 10 ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും സുപ്രീം കോടതി FSSAI-യോട് നിർദേശിച്ചു.