മുഖ്യമന്ത്രി കൊലവിളി പ്രസംഗം നടത്തി; രൂക്ഷ വിമർശനവുമായി മുഹമ്മദ് റിയാസ്

26 November 2026
മുഖ്യമന്ത്രി കൊലവിളി പ്രസംഗം നടത്തി; രൂക്ഷ വിമർശനവുമായി മുഹമ്മദ് റിയാസ്

കോഴിക്കോട്: കണ്ണൂരിൽ വെച്ച് മുഖ്യമന്ത്രി കൊലവിളി പ്രസംഗം നടത്തിയെന്നും അത്തരമൊരു പ്രസംഗം നടത്താൻ ഒരു മുഖ്യമന്ത്രിക്ക് പാടുണ്ടോയെന്നും സി.പി.എം. നേതാവ് പി.എ. മുഹമ്മദ് റിയാസ് ചോദിച്ചു. ‘ചോരയ്ക്ക് ചോര’ എന്ന പ്രസംഗം കേട്ട് ചില പൊലീസുകാർ ആവേശത്തിൽ ചാടിയിറങ്ങിയിട്ടുണ്ടെന്നും എസ്.എഫ്.ഐ. പ്രവർത്തകരുടെ വീടുകളിൽ പൊലീസ് കയറിയിറങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ആവേശത്തിൽ ഇറങ്ങുന്ന പൊലീസുകാർ കോഴിക്കോടിന്റെ പഴയ സമരചരിത്രം ഓർക്കണമെന്നും എല്ലാക്കാലവും യു.ഡി.എഫ്. സർക്കാരായിരിക്കില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. പൊലീസ് ഓർത്ത് കളിക്കണമെന്നും മുഖ്യമന്ത്രി ഒരു മുഖ്യമന്ത്രിക്ക് ചേരാത്ത കാര്യമാണ് പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ പ്രസംഗം ആഭ്യന്തരമന്ത്രി ഒന്ന് നോക്കണമെന്നും അത് പരിശോധിച്ച് തീരുമാനമെടുക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. താൻ മുഖ്യമന്ത്രിയുടെ പ്രസംഗമാണ് കേട്ടതെന്നും മറ്റൊരു പ്രസംഗം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.