തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തിന് തീരാനഷ്ടം; പ്രശസ്ത നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

27 June 2026
തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തിന് തീരാനഷ്ടം; പ്രശസ്ത നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് (73) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തമിഴ് സിനിമയിലെ ‘തിരക്കഥാ മന്നൻ’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്ര ലോകത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

സംവിധായകൻ, അഭിനേതാവ്, മികച്ച തിരക്കഥാകൃത്ത്, സംഗീത സംവിധായകൻ, നിർമ്മാതാവ്, നോവലിസ്റ്റ്, രാഷ്ട്രീയ പ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റേതായ മുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. ഭാരതിരാജയുടെ സഹായിയായി സിനിമാരംഗത്ത് എത്തിയ അദ്ദേഹം പിന്നീട് തമിഴ് സിനിമയുടെ ഗതി തന്നെ മാറ്റിയ നിരവധി ജനപ്രിയ ചിത്രങ്ങൾ സമ്മാനിച്ചു.

തമിഴ് സിനിമയ്ക്ക് പുറമെ ചില ശ്രദ്ധേയമായ മലയാള ചലച്ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.ജനപ്രിയ തമിഴ് വരിക മാസികയായ ‘ഭാഗ്യ’യുടെ എഡിറ്റർ കൂടിയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗത്തിൽ ചലച്ചിത്ര-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ഭാര്യ പൂർണിമ (മലയാളികൾക്ക് പ്രിയങ്കരിയായ നടി പൂർണിമ ജയറാം), മക്കളായ ശന്തനു ഭാഗ്യരാജ്, ശരണ്യ എന്നിവരടങ്ങുന്നതാണ് കുടുംബം.