ബോസ്റ്റൺ : മുൻ ലോക ചാമ്പ്യന്മാരായ ജർമനി റൗണ്ട് ഓഫ് 32 മത്സരത്തിൽ പാരഗ്വായോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് പുറത്തായി.ഇതോടെ പാരഗ്വായ് പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി.
നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
മത്സരത്തിൽ ജർമനിയെ ഞെട്ടിച്ച് പാരഗ്വായ് ആണ് ആദ്യം ലീഡെടുത്തത്. മാറ്റിയാസ് ഗലാർസ നൽകിയ മനോഹരമായ ക്രോസ് തലവെച്ച് ജൂലിയോ എൻസീസോ ജർമൻ വലയിലാക്കി.
രണ്ടാം പകുതിയിൽ ജർമനി ശക്തമായി തിരിച്ചടിച്ചു. ഇടതുവിങ്ങിൽ നിന്ന് ഫ്ളോറിയൻ വിർട്സ് നൽകിയ കൃത്യതയാർന്ന ക്രോസ് ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിച്ച് കായ് ഹാവേർട്സ് ജർമനിക്ക് സമനില സമ്മാനിച്ചു.
എക്സ്ട്രാ ടൈമിലും സമനില തുടർന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ടൗട്ടിൽ ജർമനിയുടെ കായ് ഹാവേർട്സ്, പകരക്കാരനായി ഇറങ്ങിയ നിക്ക് വോൾട്ടമേഡ് എന്നിവരുടെ കിക്കുകൾ പാരഗ്വായ് കീപ്പർ ഒലാൻഡോ ഗിൽ തടുത്തു.
എന്നാൽ അവസാന രണ്ട് കിക്കുകൾ പാഴാക്കി പാരഗ്വായും സമ്മർദ്ദത്തിലായതോടെ മത്സരം സഡൻ ഡെത്തിലേക്ക് നീങ്ങി.സഡൻ ഡെത്തിൽ ജർമനിയുടെ വിശ്വസ്ത പ്രതിരോധ താരം ജൊനാഥൻ ടായുടെ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. പിന്നാലെ വന്ന പാരഗ്വായുടെ ഹോസെ കനാലെ ലക്ഷ്യം കണ്ടതോടെ മുൻ ചാമ്പ്യന്മാർ കണ്ണീരോടെ മടങ്ങി.

