കണ്ണൂർ: പൂഴിമണ്ണ് ശേഖരിച്ച് വിൽപ്പന നടത്താനുള്ള അനുമതിക്കായി എത്തിയ വ്യക്തിയിൽ നിന്നും 15,000 രൂപ കൈക്കൂലി വാങ്ങിയ കണ്ണൂർ മൈനിംഗ് & ജിയോളജി ഓഫീസിലെ മിനറൽ റവന്യൂ ഇൻസ്പെക്ടർ വിജിലൻസിന്റെ വലയിലായി. കുറ്റ്യേരി സ്വദേശിയായ പി.പി. ശ്രീധരനാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഒടുവിൽ പിടിയിലായത്.
ചെറുകുന്ന് സ്വദേശിയായ പരാതിക്കാരൻ പൂഴിമണ്ണ് ശേഖരിച്ച് വിൽപ്പന നടത്താനുള്ള ലൈസൻസിനായി കഴിഞ്ഞ വർഷം ജൂണിലാണ് മൈനിംഗ് & ജിയോളജി ഓഫീസിൽ അപേക്ഷ സമർപ്പിച്ചത്. എന്നാൽ അപേക്ഷ നൽകി ഒരു വർഷം കഴിഞ്ഞിട്ടും സൈറ്റ് പരിശോധന (Site Inspection) നടത്താൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.
ഓഫീസുകൾ കയറിയിറങ്ങി മടുത്ത ചെറുകുന്ന് സ്വദേശി വീണ്ടും ഉദ്യോഗസ്ഥനെ സമീപിച്ചപ്പോഴാണ് ലൈസൻസ് അനുവദിക്കണമെങ്കിൽ 15,000 രൂപ കൈക്കൂലി നൽകണമെന്ന് മിനറൽ റവന്യൂ ഇൻസ്പെക്ടർ ശ്രീധരൻ ആവശ്യപ്പെട്ടത്. തുടർന്ന് പരാതിക്കാരൻ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് ഒരുക്കിയ കെണിയിലാണ് പണവുമായി ശ്രീധരൻ കുടുങ്ങിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

