ന്യൂഡൽഹി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് ഒന്നാം വർഷ ബി.ഡി.എസ്. വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അധ്യാപകൻ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസിൽ പ്രതിയായ അധ്യാപകനെതിരെ കടുത്ത വിമർശനങ്ങളാണ് സുപ്രീംകോടതി ബെഞ്ച് ഉന്നയിച്ചത്.
“വിദ്യാർഥികളോട് ഒരു അധ്യാപകൻ ഇങ്ങനെയാണോ പ്രവർത്തിക്കേണ്ടത്? ‘മനുഷ്യത്വരഹിതം’ എന്ന വാക്ക് മാത്രമാണ് മനസ്സിൽ വരുന്നത്,” എന്ന് റാമിന്റെ അഭിഭാഷകനോട് കോടതി പറഞ്ഞു. സ്വന്തം പ്രവൃത്തികളുടെ അനന്തരഫലങ്ങൾ എന്തായിരിക്കുമെന്ന് ഒരു അധ്യാപകൻ തിരിച്ചറിയേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ക്ലാസ് മുറിയിൽ വെച്ച് ഒരു വിദ്യാർഥിയെ ഇത്തരത്തിൽ അപമാനിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്നും, അങ്ങനെയുള്ള പെരുമാറ്റത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ അധ്യാപകന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മൂന്ന് മാസമായി ഒളിവിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ പൂർണ്ണമായും തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
അതേസമയം, അധ്യാപകൻ വിദ്യാർഥിയോട് ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. മുൻപ് പറഞ്ഞ കാര്യങ്ങളിൽ നിന്ന് അധ്യാപകൻ പാഠം പഠിച്ചതായും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏപ്രിൽ 10-നാണ് തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി കോളജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.

