വാട്സാപ്പ് ഉപയോക്താക്കൾ കാത്തിരുന്ന സ്വകാര്യതാ ഫീച്ചർ ഒടുവിൽ യാഥാർത്ഥ്യമാകുന്നു. ഇനിമുതൽ മറ്റുള്ളവർക്ക് ഫോൺ നമ്പർ കൈമാറാതെ തന്നെ വാട്സാപ്പിൽ ചാറ്റ് ചെയ്യാൻ സാധിക്കുന്ന ‘യൂസർനെയിം’ ഫീച്ചറിന്റെ ആഗോള പ്രഖ്യാപനം മെറ്റ നടത്തിക്കഴിഞ്ഞു.
നിലവിൽ ഒരാളുമായി വാട്സാപ്പിൽ ബന്ധപ്പെടണമെങ്കിൽ ഫോൺ നമ്പർ കൈമാറേണ്ടത് നിർബന്ധമാണ്. എന്നാൽ പുതിയ ഫീച്ചർ വരുന്നതോടെ ഫോൺ നമ്പറുകൾ പൂർണ്ണമായും സുരക്ഷിതമായിരിക്കും.
ഒരു പുതിയ വ്യക്തിക്കോ സ്ഥാപനത്തിനോ സന്ദേശം അയക്കുമ്പോഴോ, അപരിചിതരുള്ള ഗ്രൂപ്പ് ചാറ്റുകളിൽ പങ്കാളികളാകുമ്പോഴോ നിങ്ങളുടെ ഫോൺ നമ്പർ മറ്റാർക്കും കാണാൻ സാധിക്കില്ല.
ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നിവയിൽ നിന്ന് വ്യത്യസ്തമായി വാട്സാപ്പിൽ ആർക്കും മറ്റുള്ളവരുടെ യൂസർനെയിമുകൾ തിരഞ്ഞു കണ്ടുപിടിക്കാൻ സാധിക്കില്ല. ഒരു വ്യക്തിയുടെ കൃത്യമായ യൂസർനെയിം അറിയാവുന്നവർക്ക് മാത്രമേ അവരുമായി വാട്സാപ്പിൽ ബന്ധപ്പെടാൻ കഴിയൂ
നിങ്ങളുടെ യൂസർനെയിം എങ്ങനെ റിസർവ് ചെയ്യാം?
- വാട്സാപ്പ് തുറന്ന ശേഷം മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്ത് Settings തിരഞ്ഞെടുക്കുക.
2. സെറ്റിങ്സിൽ നിന്ന് Account എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
3. അവിടെ കാണുന്ന Username എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ആവശ്യമുള്ള പേര് ടൈപ്പ് ചെയ്ത് റിസർവ് ചെയ്യാം.
നിങ്ങളുടെ അക്കൗണ്ടിൽ ഈ ഓപ്ഷൻ ഇതുവരെ ദൃശ്യമായിട്ടില്ലെങ്കിൽ, വരും ദിവസങ്ങളിൽ വാട്സാപ്പിൽ നിന്ന് ഇതിനായുള്ള നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും. ഈ വർഷം അവസാനത്തോടെ ഈ ഫീച്ചർ പൂർണ്ണതോതിൽ ആഗോളതലത്തിൽ പ്രവർത്തനസജ്ജമാകും.


