ഡൽഹി: ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. വാട്‌സ്ആപ്പ് വെബ് അക്കൗണ്ടുകൾ സൈബർ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ ഉപയോഗശേഷം നിർബന്ധമായും ലോഗ് ഔട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ആക്ടീവ് ആയി തുടരുന്ന വാട്‌സ്ആപ്പ് വെബ് സെഷനുകളിൽ നിന്ന് അക്കൗണ്ട് ഉടമ അറിയാതെ തന്നെ പ്രൈവറ്റ് മെസേജുകൾ സൈബർ ക്രിമിനലുകൾ അയക്കാൻ ഇടയുണ്ടെന്ന് കേന്ദ്ര സൈബർ സുരക്ഷാ വിഭാഗം വ്യക്തമാക്കുന്നു.
ഔദ്യോഗിക വിവരങ്ങൾക്ക് പുറമേ സാമ്പത്തിക വിവരങ്ങളും വാട്‌സ്ആപ്പിലൂടെ പങ്കുവെക്കരുതെന്നാണ് കർശന നിർദ്ദേശം. പൊതുവായ കംപ്യൂട്ടറുകളിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിച്ചാൽ ഉപയോഗശേഷം നിർബന്ധമായും ലോഗ് ഔട്ട് ചെയ്യണമെന്നും മുന്നറിയിപ്പിൽ എടുത്തുപറയുന്നു.

