തൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ വാർഡിനോട് ചേർന്നുള്ള ശുചിമുറിയിൽ ചികിത്സയിലിരുന്ന രോഗി മരിച്ചു കിടന്നത് 36 മണിക്കൂർ. ഈ മാസം 16-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാക്കുട്ടി റാവുത്തർ (77) ആണ് മരിച്ചത്. ശനിയാഴ്ച നടത്തിയ തെരച്ചിലിലാണ് മൃതദേഹം ശുചിമുറിയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച മുതലാണ് മാക്കുട്ടി റാവുത്തറെ വാർഡിൽ നിന്ന് കാണാതായത്. രോഗിയെ കാണാനില്ലെന്ന് വ്യക്തമായതോടെ മെഡിക്കൽ കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് മെഡിസിൻ വാർഡിലെ ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. അജ്ഞാത രോഗിയായാണ് ഇയാളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നത്. മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും ഇയാൾക്ക് കൂട്ടിരിപ്പുകാർ ഉണ്ടായിരുന്നില്ലെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ലിജോ അറിയിച്ചു.
ഒന്നര ദിവസത്തോളം മൃതദേഹം ശുചിമുറിയിൽ കിടന്നിട്ടും ശുചിമുറി വൃത്തിയാക്കിയില്ലേ എന്ന ചോദ്യം ഉയർന്നിട്ടുണ്ട്. എന്നാൽ, മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസവും പ്രസ്തുത ശുചിമുറി വൃത്തിയാക്കിയിരുന്നു എന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം. 20-ന് ശുചിമുറി വൃത്തിയാക്കിയിരുന്നതായും എല്ലാ ദിവസവും ശുചീകരണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

