കൊല്ലം: കൊല്ലത്ത് ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. കൊല്ലം സ്വദേശിനിയായ സായയുടെ മരണം ആത്മഹത്യയല്ലെന്നും, സംഭവത്തിന് പിന്നിൽ ഭർതൃവീട്ടുകാരുടെ ഇടപെടലുണ്ടെന്നും സഹോദരൻ സെയ്ഫ് ഷാജി ആരോപിച്ചു.
സായയെ തൂങ്ങിയ നിലയിൽ കണ്ടെത്താൻ ഉപയോഗിച്ച ഷാൾ അവളുടേതല്ലെന്നും, ആത്മഹത്യാക്കുറിപ്പിലേതെന്ന് പറയുന്ന കയ്യക്ഷരത്തിൽ സംശയമുണ്ടെന്നും കുടുംബം ചൂണ്ടിക്കാണിക്കുന്നു.
മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് സായ മാതാപിതാക്കളെ വിളിച്ചിരുന്നുവെന്നും അടുത്ത ദിവസം വീട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. മരണത്തിന്റെ തലേദിവസവും താൻ സഹോദരിയുമായി സംസാരിച്ചിരുന്നതായും,
അപ്പോൾ യാതൊരുവിധ മനോവിഷമങ്ങളും ഉള്ളതായി തോന്നിയിരുന്നില്ലെന്നും സെയ്ഫ് ഷാജി പറഞ്ഞു. സായ വളരെ ധൈര്യശാലിയായ പെൺകുട്ടിയായിരുന്നുവെന്നും ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നുമാണ് ബന്ധുക്കളുടെ ഉറച്ച വിശ്വാസം. മരണവുമായി ബന്ധപ്പെട്ട് ഭർതൃവീട്ടുകാർ പല കാര്യങ്ങളും മറച്ചുവയ്ക്കുകയാണെന്നും സംഭവത്തിൽ സമഗ്രമായ പൊലീസ് അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

