കണ്ണൂർ: സി.പി.എം. പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾക്ക് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പ്രതികൾ ഓരോരുത്തരും അഞ്ച് ലക്ഷം രൂപ വീതം പിഴ ഒടുക്കണമെന്നും കോടതി ഉത്തരവിട്ടു.
കേസിലെ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളുടെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവരാണ് കുറ്റക്കാർ. ഇതിൽ രണ്ടും മൂന്നും പ്രതികളായ വിപിനും വൈശാഖും സഹോദരന്മാരാണ്. സംശയത്തിന്റെ ആനുകൂല്യത്തിൽ നാല് മുതൽ 20 വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ക്രൂരമായ കൊലപാതകമാണെന്ന നിരീക്ഷണത്തോടെയാണ് കോടതി നടപടികൾ പൂർത്തിയാക്കിയത്.
പ്രതികൾ അഞ്ച് വർഷവും നാല് മാസവും ശിക്ഷ അനുഭവിച്ച ശേഷമാണ് ജീവപര്യന്തം തടവ് ആരംഭിക്കുന്നത്. ഐ.പി.സി. 447 വകുപ്പ് പ്രകാരം വീട്ടിൽ അതിക്രമിച്ച് കയറിയതിന് മൂന്ന് മാസം തടവും അമ്മയെ ആക്രമിച്ചതിന് ഒരു വർഷം തടവും വിധിച്ചു. ഭാര്യയെയും അമ്മയെയും തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതിന് ഒരു മാസം തടവും ആയുധം കൊണ്ട് ആക്രമിച്ചതിന് നാല് വർഷം തടവും കൊലപാതകത്തിന് ജീവപര്യന്തം കഠിനതടവുമാണ് ശിക്ഷയായി വിധിച്ചത്.
മൂന്ന് പേരുമായി ആകെ 15 ലക്ഷം രൂപയാണ് പിഴ നൽകേണ്ടത്. ഈ പിഴത്തുക ധനരാജിന്റെ കുടുംബത്തിന് കൈമാറും. വിധിയിൽ സമ്പൂർണ്ണ തൃപ്തരാണെന്ന് പ്രോസിക്യൂട്ടർ ശ്രീധരൻ പ്രതികരിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസായി കോടതി കണ്ടെത്തിയിട്ടില്ലെന്നും പ്രോസിക്യൂട്ടർ മാധ്യമങ്ങളോട് വ്യക്തമാക്കി.

