ചെന്നൈ: തമിഴ്നാട്ടിലെ നാഗർകോവിലിൽ ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കന്യാകുമാരി സ്വദേശി അയ്യപ്പൻ (31) അറസ്റ്റിലായി. നാഗർകോവിൽ റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ടിരുന്ന കോച്ചിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
കഴിഞ്ഞ 18-ന് രാവിലെ എട്ടുമണിയോടെ നാഗർകോവിൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ 13-ാം നമ്പർ യാർഡിൽ നിർത്തിയിട്ടിരുന്ന നാഗർകോവിൽ – കോട്ടയം ട്രെയിനിന്റെ കോച്ചിനുള്ളിൽ സീറ്റിനടിയിലായാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത് റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പോസ്റ്റുമോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് കേസ് ഏറ്റെടുത്ത പ്രത്യേക അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന വ്യാപിപ്പിച്ചു.
നവംബർ 14-ന് രാവിലെ എട്ടുമണിക്ക് കൊലപാതകം നടന്ന കോച്ചിൽനിന്ന് വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ ഇറങ്ങിവരുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചതും അയ്യപ്പനെ അറസ്റ്റ് ചെയ്തതും.
നവംബർ 14-ന് അർധരാത്രി 12:30-ഓടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. രാത്രി 12:30-ന് അഞ്ചാം പ്ലാറ്റ്ഫോമിൽനിന്ന് യുവതിയെ പ്രതി ബലംപ്രയോഗിച്ച് വലിച്ചിഴച്ച് യാർഡിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും കോച്ചിൽ എത്തിച്ച് ബലാത്സംഗത്തിന് ഇരയാക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തതായും പൊലീസ് പറയുന്നു. മർദനത്തെ തുടർന്നുണ്ടായ ഗുരുതര പരിക്കാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

