കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരി ഉൾപ്പെടെ അഞ്ച് കമ്പനികൾക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി

23 November 2026
കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരി ഉൾപ്പെടെ അഞ്ച് കമ്പനികൾക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി

ദില്ലി: ബിസ്‌ലേരി ഉൾപ്പെടെ അഞ്ച് കമ്പനികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അനുമതി നൽകി. ബിസ്‌ലേരിയുടെ പാക്കേജ് കുടിവെള്ള സാമ്പിൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ്, പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs) എന്നിവ കുടിവെള്ള സാമ്പിളിൽ കണ്ടെത്തിയിട്ടുണ്ട്. വസന്ത് മസാല, ടിറ്റ്-ബിറ്റ് ഫുഡ്‌സ്, മിമാൻസ ഇൻഡസ്ട്രീസ്, ആശ കൺഫെക്ഷനറി എന്നിവയാണ് നടപടി നേരിടുന്ന മറ്റ് കമ്പനികൾ. ഭക്ഷ്യസുരക്ഷാ ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ആശ കൺഫെക്ഷനറിയുടെ ചോക്ലേറ്റ് കുക്കീസ് തിരിച്ചുവിളിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

ബിസ്‌ലേരി വെള്ളത്തിന്റെ പ്രാഥമിക പരിശോധനയിൽ അനുവദനീയമായ പരിധിയിലും കൂടുതൽ ബ്രോമേറ്റ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഈ വെള്ളം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ കമ്പനി അപ്പീൽ നൽകിയതിനെ തുടർന്ന് സാമ്പിൾ റഫറൽ ഫുഡ് ലബോറട്ടറിയിൽ വീണ്ടും പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

രണ്ടാമത്തെ പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന് തന്നെയാണ് സ്ഥിരീകരിച്ചത്. ഈ പരിശോധനയിൽ PAHs രാസവസ്തുവിന്റെ സാന്നിധ്യവും കണ്ടെത്തി. ക്യാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളായാണ് ബ്രോമേറ്റും PAHs-ഉം കണക്കാക്കപ്പെടുന്നത്.