ഫെയർനസ് ക്രീം ഉപയോഗം: മലപ്പുറത്ത് 17കാരിക്ക് ഗുരുതര വൃക്ക രോഗം; ക്രീമിൽ ഉയർന്ന അളവിൽ മെർക്കുറി

21 November 2026
ഫെയർനസ് ക്രീം ഉപയോഗം: മലപ്പുറത്ത് 17കാരിക്ക് ഗുരുതര വൃക്ക രോഗം; ക്രീമിൽ ഉയർന്ന അളവിൽ മെർക്കുറി

മലപ്പുറം: സംസ്ഥാനത്ത് മെർക്കുറി അടങ്ങിയ ഫെയർനസ് ക്രീമുകളുടെ ഓൺലൈൻ വിൽപ്പന സജീവമാകുന്നതിനിടെ, ഇത്തരം ക്രീം ഒരു വർഷമായി ഉപയോഗിച്ച മലപ്പുറത്തെ പതിനേഴുകാരിക്ക് മെംബ്രനസ് നെഫ്രോപ്പതി (Membranous nephropathy) എന്ന ഗുരുതര വൃക്ക രോഗം കണ്ടെത്തി. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ വ്യാപകമായി പ്രമോട്ട് ചെയ്യുന്ന ഈ ക്രീം തന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ നിരവധി പേർ ഉപയോഗിക്കുന്നതായി പെൺകുട്ടി വ്യക്തമാക്കി.

മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനായാണ് പെൺകുട്ടി ക്രീം വാങ്ങി ഉപയോഗിക്കാൻ തുടങ്ങിയത്. ഒരു വർഷത്തോളം തുടർച്ചയായി ഉപയോഗിച്ചതിന് പിന്നാലെ കടുത്ത ശാരീരിക അവശതകളും തലവേദനയും ശരീരത്തിൽ നീരും അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്.

ആരോഗ്യനില പരിശോധിച്ചപ്പോൾ ശരീരത്തിൽ മെർക്കുറിയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ക്രീം കേന്ദ്ര ലാബിൽ പരിശോധനയ്ക്ക് അയച്ചു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ (CDSCO) മാനദണ്ഡങ്ങൾ ലംഘിച്ച് വലിയ അളവിൽ മെർക്കുറി ക്രീമിൽ ചേർത്തിട്ടുണ്ടെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു.

ക്രീം ഉപയോഗിക്കുന്നതിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന മെർക്കുറി വൃക്കകളുടെ അരിപ്പകളെ നശിപ്പിക്കുകയും മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.