അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളും പ്രോട്ടീൻ പൊടികളും തടയാൻ ആരോഗ്യവകുപ്പ്; ലൈസൻസ് റദ്ദാക്കാനും വ്ലോഗർമാർക്കെതിരെ നടപടിക്കും നിർദ്ദേശം

22 November 2026
അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളും പ്രോട്ടീൻ പൊടികളും തടയാൻ ആരോഗ്യവകുപ്പ്; ലൈസൻസ് റദ്ദാക്കാനും വ്ലോഗർമാർക്കെതിരെ നടപടിക്കും നിർദ്ദേശം

കൊച്ചി: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും പ്രോട്ടീൻ പൊടികളുടെയും വിൽപ്പന തടയാൻ ആരോഗ്യവകുപ്പ്. എല്ലാ ജില്ലകളിലും ഇത് സംബന്ധിച്ച് വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇത്തരം വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. സൗന്ദര്യവർധക വസ്തുക്കൾക്ക് പുറമേ പേശീബലം കൂട്ടാനും ശാരീരിക ഉത്തേജനത്തിനുമെന്ന പേരിൽ വ്യാജപരസ്യങ്ങളിലൂടെ ഗുളികകൾ, ഓയിൽമെന്റ്, തൈലം എന്നിവ വ്യാജമായി വിറ്റഴിക്കുന്നവരെ കണ്ടെത്തി ക്രിമിനൽ നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെയും കർശന നടപടിയുണ്ടാകും.

മംഗലാപുരം – കാസർകോട് കേന്ദ്രീകരിച്ച് ഇത്തരം വസ്തുക്കൾ സംസ്ഥാനത്ത് ഓൺലൈനായി വിറ്റഴിക്കുന്നതായാണ് വിലയിരുത്തൽ. പാക്കിസ്ഥാൻ വഴിയെത്തുന്ന ഇത്തരം വസ്തുക്കളിൽ നിർമ്മാതാക്കളുടെ പേര്, നിർമ്മാണ തീയതി, കാലാവധി എന്നിവയൊന്നും രേഖപ്പെടുത്താറില്ലെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഇതിനോടകം കണ്ടെത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.

മുഖകാന്തി വർദ്ധിപ്പിക്കാനുള്ള ഫേസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ കർശന ഇടപെടലുണ്ടാകുന്നത്.