തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമെത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ മെഡിറ്ററേറിയൻ ഷിപ്പിംഗ് കമ്പനി (MSC) വിഴിഞ്ഞം പോർട്ടിന്റെ 49 ശതമാനം ഓഹരികൾ സ്വന്തമാക്കും.
എംഎസ്സിയുടെ ഉപവിഭാഗമായ ‘ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ്’ (TiL) വഴി 13,000 കോടി രൂപയുടെ വമ്പൻ നിക്ഷേപമാണ് തുറമുഖത്ത് എത്തുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിദേശ നിക്ഷേപങ്ങളിലൊന്നാണിത്.
പുതിയ നിക്ഷേപം എത്തുന്നതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വൻ വേഗത കൈവരും. നിലവിൽ 16 ലക്ഷം ടിഇയു (TEU) ഉള്ള തുറമുഖത്തിന്റെ ചരക്കുനീക്ക ശേഷി, വികസനത്തോടെ 57 ലക്ഷം ടിഇയു ആയി ഉയരും.
ഈ പങ്കാളിത്തം തുറമുഖത്തിന്റെ വളർച്ചയിൽ വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു.
ലോകത്തെ മുൻനിര ഷിപ്പിംഗ് ലൈൻ തന്നെ വിഴിഞ്ഞത്തിന്റെ പങ്കാളിയാകുന്നതോടെ, അന്താരാഷ്ട്ര കപ്പലുകളും ചരക്കുകളും സ്ഥിരമായി വിഴിഞ്ഞത്തേക്ക് ആകർഷിക്കാൻ സാധിക്കും.
കൊളംബോ, സിംഗപ്പൂർ പോർട്ടുകളോട് മത്സരിച്ച് ദക്ഷിണേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി മാറാൻ വിഴിഞ്ഞത്തിന് ഇത് കരുത്തേകും.
അദാനി ഗ്രൂപ്പും എംഎസ്സിയും തമ്മിലുള്ള ഈ കൈകോർക്കൽ ഇന്ത്യൻ തുറമുഖ മേഖലയിൽ വലിയ ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
എന്നാൽ, നിലവിലെ കരാർ പ്രകാരം 2075-ൽ തുറമുഖം പൂർണ്ണമായും കേരള സംസ്ഥാന സർക്കാരിന് കൈമാറേണ്ടതുണ്ട്. ആ സമയത്ത് എംഎസ്സി പോലുള്ള ഒരു ആഗോള പങ്കാളിയുടെ പങ്ക് എന്തായിരിക്കുമെന്നതിനെക്കുറിച്ചുള്ള ചർച്ചകളും ഇതോടൊപ്പം സജീവമാകുന്നുണ്ട്.

