ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ഗ്രിഡ് ഇനി നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റാം; പുതിയ ഫീച്ചർ ആഗോളതലത്തിൽ അവതരിപ്പിച്ചു

9 June 2026
ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ഗ്രിഡ് ഇനി നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റാം; പുതിയ ഫീച്ചർ ആഗോളതലത്തിൽ അവതരിപ്പിച്ചു

ഉപയോക്താക്കൾ ഏറെക്കാലമായി കാത്തിരുന്ന ‘ഗ്രിഡ് റീഓർഡറിംഗ്’ (Grid Reordering) ഫീച്ചർ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാം ആഗോളതലത്തിൽ അവതരിപ്പിച്ചു. തങ്ങളുടെ പ്രൊഫൈൽ പേജിലെ പോസ്റ്റുകൾ ഇഷ്ടാനുസരണം പുനഃക്രമീകരിക്കാൻ ഉപയോക്താക്കൾക്ക് അനുവാദം നൽകുന്നതാണ് ഈ പുതിയ അപ്‌ഡേറ്റ്.

ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി ഈ ഫീച്ചറിനായുള്ള പ്രവർത്തനങ്ങൾ കമ്പനി ആരംഭിച്ചതായി പ്രഖ്യാപിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഇത് എല്ലാ ഉപയോക്താക്കൾക്കുമായി ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.

എന്താണ് ഈ ഫീച്ചറിന്റെ പ്രത്യേകത ?

നിലവിൽ, നമ്മൾ പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യുന്ന സമയക്രമം അനുസരിച്ചാണ് ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ചിത്രങ്ങളും വീഡിയോകളും കാണാറുള്ളത്. അതായത്, ഏറ്റവും പുതിയ പോസ്റ്റ് ആദ്യവും പഴയവ താഴേക്കും പോകുന്ന രീതി. എന്നാൽ പുതിയ അപ്‌ഡേറ്റിലൂടെ ഈ രീതി പൂർണ്ണമായും മാറും.

സമയക്രമം ബാധകമല്ല : ഒരു പോസ്റ്റ് എപ്പോഴാണ് പബ്ലിഷ് ചെയ്തത് എന്നതുമായി പുതിയ ഫീച്ചറിന് ബന്ധമില്ല. വർഷങ്ങൾക്ക് മുൻപ് ഇട്ട പോസ്റ്റ് വേണമെങ്കിൽ പ്രൊഫൈലിന്റെ ഏറ്റവും മുകളിലേക്ക് മാറ്റാൻ സാധിക്കും.

കൂടുതൽ വഴക്കം : ഉപയോക്താക്കൾക്ക് അവരുടെ ഉള്ളടക്കം എങ്ങനെ മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കണം എന്ന് സ്വയം തീരുമാനിക്കാം.

ഇത് ആർക്കൊക്കെയാണ് കൂടുതൽ പ്രയോജനപ്പെടുക ?

കണ്ടന്റ് ക്രിയേറ്റർമാർ : തങ്ങളുടെ ഏറ്റവും മികച്ചതോ കൂടുതൽ ശ്രദ്ധിക്കപ്പെട്ടതോ ആയ പോസ്റ്റുകൾ പ്രൊഫൈലിന്റെ തുടക്കത്തിൽ തന്നെ നിലനിർത്താൻ ഇവർക്ക് കഴിയും.

ബിസിനസ് പേജുകൾ : തങ്ങളുടെ പ്രധാനപ്പെട്ട ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള പോസ്റ്റുകൾ ഉപഭോക്താക്കളുടെ ശ്രദ്ധയിൽ ആദ്യം പെടുന്ന രീതിയിലേക്ക് മാറ്റാൻ ബ്രാൻഡുകൾക്ക് സാധിക്കും.

തീം ഫോളോ ചെയ്യുന്നവർ : പ്രൊഫൈൽ ഗ്രിഡ് ഒരു പ്രത്യേക കളർ തീമിലോ പാറ്റേണിലോ ഡിസൈൻ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്റുകൾ ഡ്രാഗ് ചെയ്ത് കൃത്യമായ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കാം.