കായികലോകം കാത്തിരുന്ന 23-ാമത് ഫിഫ ഫുട്ബോൾ ലോകകപ്പിന് ചരിത്രപ്രസിദ്ധമായ ആസ്‌ടെക്ക സ്റ്റേഡിയത്തിൽ തുടക്കമാകുന്നു. വ്യാഴാഴ്ച രാത്രി (ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 12.30-ന്) നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ, ദക്ഷിണാഫ്രിക്കയെ നേരിടും.
യു.എസ്.എ, മെക്സിക്കോ, കാനഡ എന്നീ മൂന്ന് രാജ്യങ്ങളിലായി സംയുക്തമായാണ് ഇത്തവണത്തെ വിപുലമായ ടൂർണമെന്റ് നടക്കുന്നത്. 16 വേദികളിലായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പിൽ ആകെ 104 മത്സരങ്ങളുണ്ടാകും. ‘ട്രയോൺഡ’ (Tryonda) എന്നാണ് ഇത്തവണത്തെ ഔദ്യോഗിക പന്തിന്റെ പേര്.
1970, 1986 വർഷങ്ങൾക്കു ശേഷം വീണ്ടുമൊരു ലോകകപ്പിന് വേദിയാകുന്നതോടെ, മൂന്ന് വ്യത്യസ്ത ഫുട്ബോൾ ലോകകപ്പുകൾക്ക് സാക്ഷ്യം വഹിക്കുന്ന ചരിത്രത്തിലെ ഏക സ്റ്റേഡിയമെന്ന റെക്കോർഡ് ആസ്‌ടെക്ക സ്വന്തമാക്കും. 39 ദിവസം നീണ്ടുനിൽക്കുന്ന കാൽപന്ത് ആവേശത്തിന് ശേഷം ജൂലൈ 19-ന് യു.എസിലെ ന്യൂജെഴ്സിയിലാണ് ഫൈനൽ മത്സരം നടക്കുക.

