‘മെസി… മെസി…’ വിളികളുമായി ഗ്യാലറി; പ്രകോപിപ്പിക്കാൻ നോക്കിയ കോംഗോ ആരാധകർക്ക് കയ്യടിച്ച് മറുപടി നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

18 June 2026
‘മെസി… മെസി…’ വിളികളുമായി ഗ്യാലറി; പ്രകോപിപ്പിക്കാൻ നോക്കിയ കോംഗോ ആരാധകർക്ക് കയ്യടിച്ച് മറുപടി നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഹൂസ്റ്റൺ: ഫിഫ ലോകകപ്പിൽ കോംഗോയ്‌ക്കെതിരായ മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്ന നിരാശയ്ക്ക് പിന്നാലെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രകോപിപ്പിക്കാൻ ശ്രമിച്ച് കോംഗോ ആരാധകർ. മത്സരം സമനിലയിൽ കലാശിച്ചതിന് പിന്നാലെ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് നേരെ ഗ്യാലറിയിൽ നിന്ന് ആരാധകർ ലയണൽ മെസിയുടെ പേര് വിളിച്ച് കൂവിവിളിക്കുകയായിരുന്നു. എന്നാൽ പ്രകോപനങ്ങളിൽ വീഴാതെ തികഞ്ഞ പക്വതയോടെയുള്ള റൊണാൾഡോയുടെ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

തന്റെ ആറാം ലോകകപ്പ് കളിക്കുന്ന റൊണാൾഡോയ്ക്ക് മത്സരത്തിൽ പല മികച്ച അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും അവ ഗോളാക്കി മാറ്റാൻ കഴിഞ്ഞിരുന്നില്ല. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ റൊണാൾഡോയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. കളി 1-1 എന്ന നിലയിലേക്ക് നീങ്ങുന്നതിനിടയിൽ, റൊണാൾഡോയ്ക്ക് സംഭവിക്കുന്ന ഓരോ പിഴവുകളിലും കോംഗോ ആരാധകർ സ്റ്റേഡിയത്തിൽ വലിയ രീതിയിൽ ‘മെസി’ ചാന്റുകളുമായി രംഗത്തെത്തി.

മത്സരശേഷം താരം ഗ്രൗണ്ട് വിട്ടു മടങ്ങുന്ന സമയത്തും ഈ കൂവലുകൾ തുടർന്നു. എന്നാൽ പ്രകോപിതനാകുന്നതിന് പകരം ചിരിച്ചുകൊണ്ട് ഗ്യാലറിയിലേക്ക് നോക്കി താരം കയ്യടിക്കുകയാണ് ചെയ്തത്. വിജയമില്ലാത്ത നിരാശയിലും ആരാധകരുടെ പരിഹാസങ്ങളെ സ്പോർട്സ്മാൻ സ്പിരിറ്റോടെ നേരിട്ട റൊണാൾഡോയുടെ ഈ മറുപടിക്ക് ഇപ്പോൾ വലിയ രീതിയിലുള്ള കയ്യടിയാണ് ഫുട്ബോൾ ലോകത്തു നിന്നും ലഭിക്കുന്നത്.