കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ മകൾ വീണ വിജയനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും.
കേസുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തിലെ നിർണായക അനുബന്ധ രേഖകൾ ഉടൻ തന്നെ ഇഡിക്ക് ലഭ്യമാകും. ഈ രേഖകൾ കൂടി വിശദമായി പരിശോധിച്ച ശേഷമായിരിക്കും വീണയ്ക്ക് വീണ്ടും ഹാജരാകാനുള്ള സമൻസ് അയക്കുക.
കൊച്ചിയിലെ ഇഡി ഓഫീസിൽ കഴിഞ്ഞ ദിവസം നടന്ന എട്ട് മണിക്കൂറിലധികം നീണ്ട വിശദമായ ചോദ്യം ചെയ്യലിന് പിന്നാലെയാണ് വീണ്ടും ഹാജരാകാൻ അധികൃതർ ആവശ്യപ്പെടുന്നത്.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ ലഭിച്ച മറുപടികളിൽ പലതും തൃപ്തികരമല്ലെന്നാണ് ഇഡിയുടെ വിലയിരുത്തൽ.
സിഎംആർഎല്ലിന് ഏതെങ്കിലും തരത്തിലുള്ള ഐടി സേവനങ്ങൾ നൽകിയതായി തെളിയിക്കുന്ന കൃത്യമായ രേഖകളൊന്നും ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു.
സിഎംആർഎൽ പ്രതിനിധികളുമായി നേരിട്ടായിരുന്നു ചർച്ചകൾ നടത്തിയതെന്നും അത്തരത്തിലുള്ള ബിസിനസ്സ് ഗൈഡൻസുകളാണ് താൻ നൽകിയതെന്നുമാണ് വീണയുടെ മൊഴി.
എക്സാലോജിക് എന്ന കമ്പനി നിലവിൽ പ്രവർത്തനക്ഷമമല്ലാത്തതിനാൽ അത്തരം സേവനങ്ങൾ സംബന്ധിച്ച കൂടുതൽ രേഖകൾ കൈവശമില്ലെന്നും അവർ ചോദ്യം ചെയ്യലിൽ വിശദീകരിച്ചു.

