തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വലിയൊരു ശൂന്യത ബാക്കി വെച്ചുകൊണ്ട് ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു. അഞ്ച് പതിറ്റാണ്ടുകാലം പുതുപ്പള്ളിയുടെയും കേരളത്തിന്റെയും സ്പന്ദനമായിരുന്ന അദ്ദേഹം, വിടപറഞ്ഞിട്ടും ജനമനസ്സുകളിൽ ഇന്നും ജീവിക്കുന്ന വിസ്മയമായി തുടരുകയാണ്.
ആൾക്കൂട്ടമായിരുന്നു അദ്ദേഹത്തിന്റെ ഊർജ്ജം. എപ്പോഴും ജനങ്ങൾക്കിടയിൽ ജീവിക്കാൻ ആഗ്രഹിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. സാധാരണക്കാരുടെ പ്രശ്നങ്ങൾ കേൾക്കാനും അവയ്ക്ക് അടിയന്തരമായി പരിഹാരം കാണാനും അദ്ദേഹം സദാ സമയം നീക്കിവെച്ചു. ‘ജനസമ്പർക്ക പരിപാടി’ എന്ന ചരിത്രപ്രസിദ്ധമായ ഭരണനേട്ടത്തിലൂടെ ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെന്ന അദ്ദേഹം, ഐക്യരാഷ്ട്രസഭയുടെ ആഗോള പുരസ്കാരം വരെ ഇതിലൂടെ സ്വന്തമാക്കി.
ആൾക്കൂട്ടത്തെ അടയാളമാക്കി സഞ്ചരിച്ച അഞ്ച് പതിറ്റാണ്ടിനിടെ ഉമ്മൻ ചാണ്ടിയെ തേടിയെത്തിയത് കോൺഗ്രസ് പ്രസ്ഥാനത്തിലെയും ഭരണരംഗത്തെയും ഏറ്റവും സുപ്രധാനമായ പദവികളായിരുന്നു.രണ്ടു തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി.യുഡിഎഫ് കൺവിനർ, കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

