തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ ഉന്നയിക്കുന്ന വാദങ്ങൾ തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പദ്ധതിയിൽ ഒപ്പിട്ടതുകൊണ്ട് മാത്രം അത് നടപ്പിലാകില്ലെന്നും, സംസ്ഥാന സർക്കാർ പുതിയ നയപരമായ തീരുമാനമെടുത്ത് മുൻകൈ എടുത്താൽ മാത്രമേ ഇത് നടപ്പിലാക്കാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേന്ദ്രം എസ്എസ്കെ ഫണ്ട് പിടിച്ചുവെച്ചതോടെ വിദ്യാഭ്യാസ മേഖല വരിഞ്ഞുമുറുകുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. പണം ചിലവിടുന്നത് തടസ്സപ്പെട്ട പശ്ചാത്തലത്തിലാണ് ഈ പ്രതിസന്ധി ഒഴിവാക്കാൻ അന്ന് പിഎം ശ്രീയിൽ ഒപ്പിട്ടത്. എന്നാൽ ഒരു മാസത്തിനകം തന്നെ എൽഡിഎഫ് സർക്കാർ ആ ധാരണാപത്രം മരവിപ്പിച്ചിരുന്നതായും അദ്ദേഹം ഓർമ്മിപ്പിച്ചു.
അന്ന് എൽഡിഎഫ് സർക്കാർ ഒപ്പിട്ട ധാരണാപത്രവുമായി മുന്നോട്ട് പോകൽ മാത്രമേ രക്ഷയുള്ളു എന്ന യുഡിഎഫ് വാദം ശരിയല്ല. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഉദ്ദേശശുദ്ധി എന്താണെന്ന് യുഡിഎഫ് വിശദീകരിക്കണം. പുതിയ സാഹചര്യത്തിൽ യുഡിഎഫ് സർക്കാരിനെ നയംമാറ്റത്തിന് പ്രേരിപ്പിച്ച ഘടകം എന്താണെന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസിന്റെ ദേശീയ നിലപാട് പിഎം ശ്രീയെ അംഗീകരിക്കുന്നതാണോ എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ പിഎം ശ്രീയുടെ ഭാഗമാണ്. കേന്ദ്ര പദ്ധതികളെ സംബന്ധിച്ച് കോൺഗ്രസിനുള്ള നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

