ലോകകപ്പ്: ഹെയ്തിയെ മൂന്ന് ഗോളിന് തകർത്ത് ബ്രസീൽ

20 June 2026
ലോകകപ്പ്: ഹെയ്തിയെ മൂന്ന് ഗോളിന് തകർത്ത് ബ്രസീൽ

ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങിയതിന്റെ സമ്മർദ്ദവുമായി ഇറങ്ങിയ ബ്രസീൽ, ലോകകപ്പ് ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ ഹെയ്തിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ടൂർണമെന്റിലെ ആദ്യ ആശ്വാസ ജയം സ്വന്തമാക്കി. ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് ഒന്നാം പകുതിയിലായിരുന്നു.

23-ാം മിനിറ്റിൽ ഒരു റീബൗണ്ടിൽ നിന്ന് മാത്യൂസ് കുന്യയാണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് 36-ാം മിനിറ്റിൽ മധ്യനിരയിൽ നിന്നുള്ള ഒരു തകർപ്പൻ ത്രൂപാസ് സ്വീകരിച്ച് കുന്യ തന്റെ രണ്ടാം ഗോളും വലയിലാക്കി ലീഡുയർത്തി. ആദ്യ പകുതിയുടെ അധിക സമയത്ത് (45+3′) ലൂക്കാസ് പക്വേറ്റയുടെ പാസ് സ്വീകരിച്ച് വിനീഷ്യസ് ജൂനിയറാണ് മൂന്നാം ഗോൾ നേടിയത്.

ഈ വിജയത്തോടെ 240 ഗോളുകളുമായി ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രാജ്യമായി ബ്രസീൽ മാറി.

അടുത്ത ആഴ്ച സ്കോട്ട്ലൻഡിനെതിരെയുള്ള നിർണായക മത്സരത്തിൽ സൂപ്പർ താരം നെയ്മർ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്