കടുത്ത വിമർശനങ്ങൾക്കും പരീക്ഷണങ്ങൾക്കും ഒടുവിൽ ഫുട്ബോൾ ലോകത്തെ വീണ്ടും അത്ഭുതപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ. 2026 ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകളുടെ തകർപ്പൻ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്.
മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലോകകപ്പിന്റെ ചരിത്രത്തിൽ ആറ് വ്യത്യസ്ത പതിപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന സുവർണ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചു.
ആദ്യ മത്സരത്തിൽ കോംഗോയോട് 1-1 എന്ന നിലയിൽ സമനില വഴങ്ങിയപ്പോൾ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് നാൽപ്പത്തൊന്നുകാരനായ റൊണാൾഡോ നേരിട്ടത്.
പ്രധാന ടൂർണമെന്റുകളിൽ തുടർച്ചയായ 10 മത്സരങ്ങളിലെ ഗോൾ വരൾച്ചയും താരത്തിന്റെ ഫോമും ചൂണ്ടിക്കാട്ടി വിമർശകർ ശബ്ദമുയർത്തിയ ദിവസങ്ങൾക്കൊടുവിലാണ് റൊണാൾഡോയുടെ ഈ അവിശ്വസനീയ തിരിച്ചുവരവ്.
അമേരിക്കയിലെ ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ റൊണാൾഡോ പോർച്ചുഗലിനെ മുന്നിലെത്തിച്ചു.
ഈ ഗോളോടെയാണ് 2006, 2010, 2014, 2018, 2022 ലോകകപ്പുകൾക്ക് ശേഷം 2026 പതിപ്പിലും ഗോൾ നേടി താരം ചരിത്രത്താളിന്റെ ഭാഗമായത്. തുടർന്ന് 39-ാം മിനിറ്റിൽ താരം തന്റെ രണ്ടാമത്തെ ഗോളും കണ്ടെത്തി.
അന്താരാഷ്ട്ര ഫുട്ബോളിൽ റൊണാൾഡോയുടെ ആകെ ഗോൾ നേട്ടം ഇതോടെ 144 ആയി ഉയർന്നു.

