ഭൂകമ്പത്തിന് തൊട്ടുമുമ്പ് ഗൂഗിളിന്റെ മുന്നറിയിപ്പ്! വെനസ്വേലയെ നടുക്കിയ ദുരന്തത്തിൽ ‘ആൻഡ്രോയിഡ്’ രക്ഷകനായത് എങ്ങനെ?

25 June 2026
ഭൂകമ്പത്തിന് തൊട്ടുമുമ്പ് ഗൂഗിളിന്റെ മുന്നറിയിപ്പ്! വെനസ്വേലയെ നടുക്കിയ ദുരന്തത്തിൽ ‘ആൻഡ്രോയിഡ്’ രക്ഷകനായത് എങ്ങനെ?

ക്രാക്കസ്: തുടർച്ചയായുണ്ടായ രണ്ട് അതിശക്തമായ ഭൂകമ്പങ്ങളുടെ നടുക്കത്തിലാണ് വെനസ്വേല. 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ നിരവധി കെട്ടിടങ്ങൾ തകരുകയും എഴുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.

എന്നാൽ ഈ വലിയ ദുരന്തത്തിനിടയിലും ലോകത്തെ അത്ഭുതപ്പെടുത്തുന്നത് ഭൂകമ്പം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് ലക്ഷക്കണക്കിന് ആളുകൾക്ക് ഗൂഗിളിൽ നിന്ന് ലഭിച്ച അടിയന്തിര മുന്നറിയിപ്പാണ് (Earthquake Alert).

സെക്കൻഡുകൾക്ക് മുൻപ് ലഭിച്ച ഈ മുന്നറിയിപ്പ് പലർക്കും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ സഹായകരമായി. എന്നാൽ ഭൂകമ്പം ഉണ്ടാകാൻ പോകുന്നത് ഗൂഗിൾ എങ്ങനെയാണ് കൃത്യമായി പ്രവചിച്ചത്?


ഭൂകമ്പം മുൻകൂട്ടി അറിയാനുള്ള സാങ്കേതികവിദ്യ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ തന്നെയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിനായി ഗൂഗിൾ ഉപയോഗിക്കുന്നത് ആൻഡ്രോയിഡ് എർത്ത്‌ക്വേക്ക് അലേർട്ട് സിസ്റ്റം (Android Earthquake Alerts System) ആണ്.

നമ്മൾ ഫോൺ ചരിക്കുമ്പോൾ സ്‌ക്രീൻ ഓട്ടോമാറ്റിക്കായി തിരിയുന്നത് ഫോണിലുള്ള ‘ആക്‌സിലറോമീറ്റർ’ (Accelerometer) എന്ന സെൻസർ മൂലമാണ്. ഈ സെൻസറിന് ഭൂമിയിലുണ്ടാകുന്ന ചെറിയ പ്രകമ്പനങ്ങൾ പോലും തിരിച്ചറിയാനുള്ള ശേഷിയുണ്ട്.

ഭൂചലനം ഉണ്ടാകുമ്പോൾ പ്രാരംഭ തരംഗങ്ങൾ (P-waves) നിങ്ങളുടെ ഫോണിലെ ആക്‌സിലറോമീറ്റർ തിരിച്ചറിയുകയും ഫോണിനെ ഒരു കുട്ടി ‘സീസ്മോഗ്രാഫ്’ ആക്കി മാറ്റുകയും ചെയ്യും.

സെർവറിലെത്തുന്ന ഈ ഡാറ്റ മിന്നൽവേഗത്തിൽ വിശകലനം ചെയ്യുന്ന ഗൂഗിൾ, അതൊരു ഭൂകമ്പമാണെന്ന് സ്ഥിരീകരിക്കുകയും തരംഗങ്ങൾ വ്യാപിക്കുന്നതിന് മുൻപ് തന്നെ ആ പ്രദേശത്തുള്ള മറ്റുള്ളവരുടെ ഫോണുകളിലേക്ക് അതിവേഗം അലേർട്ടുകൾ അയക്കുകയും ചെയ്യുന്നു.

ലക്ഷക്കണക്കിന് ആൻഡ്രോയിഡ് ഫോണുകളെ ഒരു വലിയ ഭൂകമ്പ നിരീക്ഷണ ശൃംഖലയായി മാറ്റിയാണ് ഗൂഗിൾ ഈ അത്ഭുത മുന്നറിയിപ്പ് സാധ്യമാക്കുന്നത്. വരും നാളുകളിൽ ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാൻ ഈ സാങ്കേതികവിദ്യ വലിയ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ.