തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയ പ്രോസിക്യൂഷൻ വീഴ്ചയിൽ സർക്കാർ നടപടി. തിരുവനന്തപുരം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്നും ടി. ഗീനാ കുമാരിയെ നീക്കം ചെയ്തു.
പകരം അഡീഷണൽ ഗവൺമെന്റ് പ്ലീഡർ എ.ആർ. ഷാജിക്ക് താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്. മറ്റൊരു സ്ഥിരം നിയമനം ഉണ്ടാകുന്നതുവരെയാണ് ഈ ക്രമീകരണം.
കോടതിയിൽ പ്രതിക്ക് അനുകൂലമായ നിലപാടാണ് പബ്ലിക് പ്രോസിക്യൂട്ടർ സ്വീകരിച്ചതെന്ന ആരോപണം ഉയർന്നിരുന്നു. അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ട് അട്ടിമറിച്ചുകൊണ്ട് പ്രോസിക്യൂട്ടർ പ്രവർത്തിച്ചുവെന്ന് സിറ്റി പോലീസ് കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.
ജാമ്യാപേക്ഷയെ ശക്തമായി എതിർക്കണമെന്ന പോലീസിന്റെ നിർദേശം അവഗണിച്ചതാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയത്. ഈ വീഴ്ച പരിഗണിച്ചാണ് ഗീനാ കുമാരിയെ സ്ഥാനത്തുനിന്ന് മാറ്റാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.

