പിഎസ്‌സി നിയമന വിവാദം: ആഭ്യന്തര വിജിലൻസ് അന്വേഷിക്കും; പുനർ മൂല്യനിർണയം നടത്താനും തീരുമാനം

29 June 2026
പിഎസ്‌സി നിയമന വിവാദം: ആഭ്യന്തര വിജിലൻസ് അന്വേഷിക്കും; പുനർ മൂല്യനിർണയം നടത്താനും തീരുമാനം

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയിലെ ഗുരുതരമായ ക്രമക്കേടുകളെക്കുറിച്ച് പി.എസ്.സി ആഭ്യന്തര വിജിലൻസ് അന്വേഷിക്കും.

പരീക്ഷാ വിവാദം ചർച്ച ചെയ്യാൻ അടിയന്തിരമായി വിളിച്ച് ചേർത്ത പി.എസ്.സി യോഗത്തിലാണ് ഈ നിർണായക തീരുമാനം. നിലവിലുള്ള റാങ്ക് പട്ടിക പരിഷ്കരിക്കാനും പരീക്ഷയെഴുതിയ മുഴുവൻ ഉദ്യോഗാർത്ഥികളുടെയും ഉത്തരക്കടലാസുകൾ പുനർ മൂല്യനിർണയം നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.

പരീക്ഷാ നടത്തിപ്പിൽ സംഭവിച്ചത് മനഃപൂർവ്വമുള്ള അട്ടിമറിയാണോ അതോ ഉദ്യോഗസ്ഥർക്ക് സംഭവിച്ച പിഴവാണോ എന്ന കാര്യത്തിൽ അധികൃതർക്കിടയിൽ ഇപ്പോഴും ശക്തമായ സംശയമുണ്ട്.

ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ എന്നീ തസ്തികകളിലേക്ക് നടന്ന വിവരണാത്മക പരീക്ഷയുടെ മൂല്യനിര്‍ണയത്തിലാണ് വന്‍ വീഴ്ചയുണ്ടായത്.

നൂറ് മാർക്കിനുള്ള ചോദ്യപേപ്പറിൽ ഒൻപത് മുതൽ പതിനെട്ട് വരെയുള്ള പത്ത് പ്രധാന ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെയാണ് പി.എസ്.സി മുൻപ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതും നിയമനങ്ങൾ നടത്തിയതും.

പരീക്ഷാ നടത്തിപ്പിലെ ഈ അനാസ്ഥ വലിയ വിവാദമായതോടെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിഷയത്തിൽ ശക്തമായി ഇടപെട്ടിരുന്നു.

സംഭവിച്ച വീഴ്ചയെക്കുറിച്ച് സംസ്ഥാന സർക്കാരിനോടും പി.എസ്.സിയോടും മൂന്നാഴ്ചയ്ക്കകം കൃത്യമായ വിശദീകരണം നൽകാനാണ് ട്രൈബ്യൂണൽ കർശന നിർദേശം നൽകിയിരിക്കുന്നത്.

ട്രൈബ്യൂണൽ നടപടിയുടെ കൂടി പശ്ചാത്തലത്തിലാണ് പി.എസ്.സി അടിയന്തിര യോഗം ചേർന്ന് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.