മെക്‌സിക്കോ സിറ്റി: എക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ആതിഥേയരായ മെക്‌സിക്കോ ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
മെക്‌സിക്കോ സിറ്റിയിലെ ചരിത്രമുറങ്ങുന്ന ആസ്റ്റക്ക സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹൂലിയൻ ക്വിനോനെസ്, റൗൾ ഹിമെനസ് എന്നിവരാണ് ആതിഥേയർക്കായി വലകുലുക്കിയത്. ബുധനാഴ്ച രാത്രി നടക്കുന്ന ഇംഗ്ലണ്ട് – കോംഗോ മത്സരത്തിലെ വിജയികളെയാകും മെക്‌സിക്കോ പ്രീക്വാർട്ടറിൽ നേരിടുക.
കനത്ത ഇടിമിന്നലും മഴയും കാരണം നിശ്ചിത സമയത്തിലും ഒരു മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചതെങ്കിലും കളിയിൽ ഉടനീളം മെക്‌സിക്കോയുടെ സമഗ്രാധിപത്യമാണ് കാണാൻ കഴിഞ്ഞത്.
ആദ്യ പകുതിയിൽ ഹൂലിയൻ ക്വിനോനെസ്, റൗൾ ഹിമെനസ്, റോബർട്ടോ ആൽവരാഡോ എന്നിവരടങ്ങിയ മെക്‌സിക്കൻ മുന്നേറ്റ നിര നിരന്തരം എക്വഡോർ ഗോൾമുഖം ആക്രമിച്ചു കൊണ്ടിരുന്നു. പലപ്പോഴും എക്വഡോർ പ്രതിരോധത്തെ പൂർണ്ണമായും പിളർത്തിക്കൊണ്ടായിരുന്നു മെക്‌സിക്കൻ പടയുടെ മുന്നേറ്റങ്ങൾ.
തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ മത്സരത്തിന്റെ 22-ാം മിനിറ്റിൽ ഹൂലിയൻ ക്വിനോനെസിലൂടെ മെക്‌സിക്കോ ആദ്യ ഗോൾ നേടി.
31-ാം മിനിറ്റിൽ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ മെക്‌സിക്കോ രണ്ടാം ഗോളും സ്വന്തമാക്കി. എക്വഡോർ പ്രതിരോധം ഭേദിച്ച് ക്വിനോനെസ് നൽകിയ മനോഹരമായ പാസ് ഒട്ടും സമയം കളയാതെ റൗൾ ഹിമെനസ് വലയിലെത്തിക്കുകയായിരുന്നു.

