എഫ്.സി.ആർ.എ ഭേദഗതി ബിൽ: കേന്ദ്ര നീക്കത്തിനെതിരെ ക്രൈസ്തവ സഭകളുടെ പ്രതിഷേധം വീണ്ടും ശക്തമാകുന്നു

17 July 2026
എഫ്.സി.ആർ.എ ഭേദഗതി ബിൽ: കേന്ദ്ര നീക്കത്തിനെതിരെ ക്രൈസ്തവ സഭകളുടെ പ്രതിഷേധം വീണ്ടും ശക്തമാകുന്നു

കോട്ടയം: വിദേശ ധനസഹായ നിയന്ത്രണ നിയമ (FCRA) ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം വീണ്ടും പുകയുന്നു.

ബില്ലും അതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം കൊണ്ടുവന്ന കടുത്ത നിബന്ധനകളുള്ള പുതിയ ചട്ടങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (CBCI) പ്രതിനിധിസംഘം കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ട് കണ്ട് ആശങ്ക അറിയിച്ചിരുന്നു.

കേരള നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്തായിരുന്നു മുൻപ് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ച ബിൽ ചർച്ചയ്‌ക്കെടുക്കുന്നത് സർക്കാർ അവസാന നിമിഷം മാറ്റിവെച്ചത്. വിവിധ ക്രൈസ്തവ സഭകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ശക്തമായ പ്രതിഷേധം ഇതിന് കാരണമായിരുന്നു. ക്രൈസ്തവ സഭകൾക്കുള്ള ആശങ്കകൾ ബി.ജെ.പി കേരള ഘടകവും കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.

ബിൽ നിലവിലുള്ള രൂപത്തിൽ തന്നെ പാസാക്കാൻ ശ്രമിച്ചാൽ ക്രൈസ്തവ സഭകളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിരോധമുണ്ടാകും. തുടർനടപടികളിലേക്ക് കടക്കാൻ സി.ബി.സി.ഐ (CBCI) ആലോചനകൾ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി മുഴുവൻ എം.പിമാർക്കും വീണ്ടും കത്തയയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണനയിലുണ്ട്. മറ്റ് സഭകളുമായി ചേർന്ന് സംയുക്തമായ വലിയൊരു പ്രതിഷേധ പരിപാടിക്കാണ് അണിയറയിൽ ഒരുക്കങ്ങൾ നടക്കുന്നത്.