വിഴിഞ്ഞത്ത് നിന്ന് കരമാർഗ്ഗമുള്ള ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ ആരംഭിക്കും

18 July 2026
വിഴിഞ്ഞത്ത് നിന്ന് കരമാർഗ്ഗമുള്ള ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ ആരംഭിക്കും

തിരുവനന്തപുരം: കേരളത്തിന്റെ വികസന കുതിപ്പിന് ഊർജ്ജം പകർന്നുകൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്നുള്ള കരമാർഗ്ഗമുള്ള ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ ആരംഭിക്കുന്നു. തീയതി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇതോടെ വിഴിഞ്ഞം തുറമുഖം ഒരു സമ്പൂർണ്ണ അന്താരാഷ്ട്ര കയറ്റുമതി-ഇറക്കുമതി (എക്സിം) കവാടമായി മാറും.തുറമുഖത്തു നിന്നുള്ള ആദ്യ കയറ്റുമതി കണ്ടെയ്‌നർ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും.വിഴിഞ്ഞത്തുനിന്നുള്ള സുഗമമായ ചരക്ക് നീക്കത്തിനായി ദേശീയപാതയിലൂടെ ട്രക്കുകൾ സർവീസ് നടത്തുന്നതിന് ദേശീയപാത അതോറിറ്റി (NHAI) അനുമതി നൽകിയിട്ടുണ്ട്. ഇതിന് മുന്നോടിയായി കഴിഞ്ഞമാസം ദേശീയപാതയിലൂടെ കണ്ടെയ്‌നർ ട്രക്ക് ഓടിച്ച് വിജയകരമായി ട്രയൽ റൺ പൂർത്തിയാക്കിയിരുന്നു.

എക്സിം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനൊപ്പം ആഗോള ഷിപ്പിംഗ്, ലോജിസ്റ്റിക്സ് കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ‘മിഷൻ സമുദ്ര’ ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആഗോള മാരിടൈം രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സമ്മിറ്റിലൂടെ പുതിയ നിക്ഷേപ സാധ്യതകളാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.

വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് വെറും 18 മാസത്തിനുള്ളിൽ 20 ലക്ഷം ടി.ഇ.യു (TEU) കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാൻ വിഴിഞ്ഞം തുറമുഖത്തിന് സാധിച്ചിരുന്നു.